പാലാ: ഹൗസ് ഫുള്ളിൽ സിനിമകൾ ഓടേണ്ട ഈ അവധിക്കാലത്ത് തിയറ്ററുകളിൽ ആളില്ലാ പ്രദർശനം. മലയാളത്തിലെയും തമിഴിലെയും സൂപ്പർ താരങ്ങൾ വെള്ളിത്തിരയിൽ നിറഞ്ഞാടുന്പോൾ കാണാൻ ആളില്ലെന്നു മാത്രം.
ലോക്ക് ഡൗണിനെത്തുടർന്നു കഴിഞ്ഞ മാർച്ച് 10ന് അടച്ചിട്ട തിയറ്ററുകളുടെ സ്ക്രീനിന് അവധി കൊടുത്താൽ ലോക്ഡൗണ്‍ കഴിഞ്ഞാൽ തുറക്കേണ്ടി വരില്ല. ഇത് ഒഴിവാക്കാനാണു തിയറ്ററുകളിൽ ആളില്ലാ പ്രദർശനം നടത്തുന്നത്.
ലോക്ക് ഡൗണ്‍ ആരംഭിച്ചപ്പോൾ മുതൽ എല്ലാ തിയറ്ററുകളിലും സിനിമകൾ കാഴ്ചക്കാരില്ലാതെ പ്രദർശിപ്പിച്ചു വരികയാണ്. തുടർച്ചയായ അടച്ചിടീൽ തിയറ്ററുകളിലെ പ്രോജക്ടറുകളെയും ശബ്ദ സംവിധാനത്തെയും ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് ആളില്ലാപ്രദർശനം നടത്തുന്നത്.
എല്ലാ തിയറ്ററുകളിലും യുഎഫ്ഒ സാറ്റലൈറ്റ് പ്രോജക്ടറാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. രണ്ടു ദിവസംകൂടുന്പോൾ ഒരു മണിക്കൂറോളം ഇതു പ്രവർത്തിപ്പിക്കും. രണ്ടു ദിവസം കൂടുന്പോഴെങ്കിലും സിനിമ ഒരു മണിക്കൂറെങ്കിലും പ്രദർശിപ്പിക്കണമെന്ന് പ്രോജക്ടർ നിർമിക്കുന്ന കന്പനികൾ എല്ലാ തിയറ്ററുകൾക്കും ലോക്ക് ഡൗണ്‍ ആരംഭിച്ചപ്പോൾതന്നെ നിർദേശം നൽകിയിരുന്നു.
പ്രോജക്ടറുകൾ വേണ്ട രീതിയിൽ പരിപാലിക്കുന്നതോടൊപ്പം യുപിഎസ് ചാർജ് ചെയ്യുക, സ്ക്രീൻ പരിശോധിക്കുക തുടങ്ങിയ ജോലികളും തിയറ്റർ ഉടമകൾ നടത്തുന്നുണ്ട്.
ചില തിയറ്ററുകൾ അറ്റകുറ്റപ്പണികളിലും മോടിപിടിപ്പിക്കലിലുമാണ്. തിയറ്റർ അസോസിയേഷനുകളുടെ ആവശ്യപ്രകാരം വൈദ്യുതിയുടെ ഫിക്സഡ് ചാർജ് ആറുമാസത്തേക്ക് ഇളവുചെയ്ത് നൽകിയിട്ടുണ്ട്.
ഈസ്റ്റർ, വിഷു, റംസാൻ എന്നീ ഉത്സവ കാലങ്ങളും ഏറ്റവും കൂടുതൽ ആളുകൾ തിയറ്ററുകളിലെത്തുന്ന അവധിക്കാലവുമാണ് ലോക്ക് ഡൗണിൽ നഷ്ടമായിരിക്കുന്നതെന്ന് പാലാ യൂണിവേഴ്സൽ, ജോസ് തിയറ്ററുകളുടെ പ്രൊപ്രൈറ്റർ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. ലോക്ക് ഡൗണ്‍ പൂർണമായും പിൻവലിച്ച് അവസാനം തുറക്കുന്ന സ്ഥാപനങ്ങളായിരിക്കും തിയറ്ററുകൾ.