മുളങ്കുന്നത്തുകാവ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ പ്രധാന നിരീക്ഷണകേന്ദ്രമാക്കി തൃശൂര്‍ ഗവൺമെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയെ മാറ്റാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
ഇതു നടപ്പാകുന്നതോടെ ജില്ലയിലെ കോവിഡ് ബാധിതരായ രോഗികളേയും ഐസൊലേഷനില്‍ കഴിയുന്നവരേയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രമായിരിക്കും പ്രവേശിപ്പിച്ച് ചികിത്സയും നിരീക്ഷണവും നടത്തുക.
നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററുകളും മറ്റു സൗകര്യങ്ങളും ഉള്ളതിനാലാണ് കോവിഡിന്റെ ചികിത്സ പ്രതിരോധ കേന്ദ്രമാക്കി മെഡിക്കല്‍ കോളജ് ആശുപത്രിയെ മാറ്റുന്നത്. ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന മറ്റു രോഗികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റും.
ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികളെ തുടര്‍ ചികിത്സക്കായി സമീപത്തെ പ്രാഥമിക ആശുപത്രികളിലേക്കാണു മാറ്റുക. പുതിയ രോഗികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്വീകരിക്കില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയെ പൂര്‍ണമായും കോവിഡ് 19നുവേണ്ടി സജ്ജമാക്കും.
ഇതുമൂലം മറ്റ് ആശുപത്രികളില്‍ രോഗികള്‍ക്ക് കോവിഡ് ഭീതി കൂടാതെ പോകാനും ചികിത്സ തേടാനും സാധിക്കും. അവിടേക്ക് മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം വിട്ടുകൊടുക്കാനും ശ്രമിക്കും.
ഇതു സംബന്ധിച്ച മാര്‍ഗരേഖ തൃശൂര്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ആരോഗ്യവകുപ്പ് അധികൃതര്‍ നല്കി.21 ദിവസത്തെ ലോക്ക് ഡൗണിന് ശേഷവും കോവിഡിന് ശമനമുണ്ടായില്ലെങ്കില്‍ അപ്പോള്‍ കൈക്കൊള്ളേണ്ട മുന്‍കരുതലായിട്ടാണ് മെഡിക്കല്‍ കോളജ് ആശുപത്രിയെ കോവിഡിന് മാത്രമായി സജ്ജമാക്കുന്നത്.