സ്വന്തം ലേഖകന്‍
തൃശൂര്‍: ട്രെയിനുകളില്‍ എത്തുന്നവരെ സ്ക്രീന്‍ ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഏർപ്പെടുത്തി.
ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ തൃശൂരിലേക്ക് ആദ്യമെത്തുന്ന ട്രെയിനില്‍ ഇരുനൂറോളം യാത്രക്കാരുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഡോക്ടര്‍മാരടങ്ങുന്ന നാലു സംഘമായിരിക്കും ഇവരെ സ്ക്രീന്‍ ചെയ്യുക.
രീരത്തില്‍ സ്പര്‍ശിക്കാതെ ശരീരോഷ്മാവ് അളക്കുകയാണ് ഇവര്‍ ചെയ്യുക. പനിയില്ലെങ്കില്‍ യാത്രക്കാരെ വീടുകളിലേക്ക് പോകാന്‍ അനുവദിക്കും. അതേസമയം കോവിഡ്19 ജാഗ്രതാ പോര്‍ട്ടലില്‍ പാസിന് അപേക്ഷിക്കാതെ വരുന്ന ട്രെയിന്‍ യാത്രക്കാര്‍ 14 ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ പോകേണ്ടിവരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി ഉത്തരവിറങ്ങി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെ ടിക്കറ്റ് എടുക്കുന്നവര്‍ പാസിനുവേണ്ടി ‘കോവിഡ്19 ജാഗ്രത’ പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
മറ്റു മാര്‍ഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കി റെയില്‍മാര്‍ഗം വരുന്നു എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കേണ്ടതാണ്. കേരളത്തിലിറങ്ങുന്ന റെയില്‍വെ സ്റ്റേഷനുകളില്‍ വിശദാംശങ്ങള്‍ പരിശോധിക്കും.
വൈദ്യപരിശോധനയ്ക്കുശേഷം രോഗലക്ഷണം ഇല്ലാത്തവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതുമാണ്. ഹോം ക്വാറന്റൈന് പാലിക്കാത്തവരെ നിര്‍ബന്ധമായും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ മാറ്റും. രോഗലക്ഷമുള്ളവരെ തുടര്‍പരിശോധനകള്‍ക്ക് വിധേയരാക്കും.
റെയില്‍വെ സ്റ്റേഷനില്‍നിന്നു വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ അനുവദിക്കും. ഇത്തരം വാഹനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കേണ്ടതും ഡ്രൈവര്‍ ഹോം ക്വാറന്റൈന് സ്വീകരിക്കേണ്ടതുമാണ്. റെയില്‍വെ സ്റ്റേഷനില്‍നിന്നു വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.