കൽപ്പറ്റ: വയനാട്ടിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ദുബായിൽനിന്നെത്തിയ ബത്തേരി ചീരാൽ സ്വദേശിനിയായ ഗർഭിണി ഉൾപ്പെടെ അഞ്ചുപേരിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ മേയ് ഒന്നിനു ശേഷം ജില്ലയിൽ റിപ്പോർട്ട് ചെയ്ത കോവിഡ്-19 പോസിറ്റീവ് കേസുകൾ 20 ആയി. ഇവരെല്ലാം ചികിത്സയിലാണ്.
മാർച്ചിൽ ജില്ലയിൽ മൂന്നു പ്രവാസികളിൽ രോഗം സ്ഥിരീകരിച്ചിരുന്നു. രോഗമുക്തി നേടിയ ഇവർ വീടുകളിലാണ്. ചീരാൽ സ്വദേശിനിയായ ഗർഭിണിക്കു പുറമേ ഇവരുടെ ഭർത്താവ്, തമിഴ്നാട്ടിലെ കോയന്പേടുനിന്നു ചീരാലിലെത്തി രോഗം സ്ഥിരീകരിച്ച യുവാവിന്റെ പ്രാഥമിക സന്പർക്കപ്പട്ടികയിലുള്ള സഹോദരൻ,
മേയ് രണ്ടിനു രോഗം സ്ഥിരീകരിച്ച മാനന്തവാടി എടപ്പടിയിലെ ലോറി ഡ്രൈവറുടെ പ്രാഥമിക സന്പർക്കപ്പട്ടികയിലുള്ള മാനന്തവാടി സ്വദേശിനി, ഡ്രൈവറുടെ മകളുടെ ഭർത്താവുമായി പ്രാഥമിക സന്പർക്കമുണ്ടായ തിരുനെല്ലി പനവല്ലി സ്വദേശിയായ യുവാവ് എന്നിവരുടെ സ്രവ പരിശോധനാഫലമാണ് ഏറ്റവും ഒടുവിൽ പോസിറ്റീവായത്.
ജില്ലയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നതു ജില്ലാ ഭരണകൂടത്തെയും ആരോഗ്യവകുപ്പിനെയും ജനങ്ങളെയും ആശങ്കയിലാക്കുകയാണ്. ഏപ്രിൽ അവസാനവാരം വയനാടിനെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഹരിതമേഖലയിൽ ഉൾപ്പെടുത്തിയിരുന്നതാണ്.
വയനാട്ടിലെ കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിച്ചു
കൽപ്പറ്റ: കോവിഡ്-19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിച്ചു. അന്പലവയൽ പഞ്ചായത്തിലെ മാങ്ങോട് കോളനി, എടവക പഞ്ചായത്തിലെ എല്ലാ വാർഡുകളും മാനന്തവാടി മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളും മീനങ്ങാടി പഞ്ചായത്തിലെ എട്ട്, ഒന്പത്, 10, 17, 13 വാർഡുകളും തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വാർഡുകളും വെള്ളമുണ്ട പഞ്ചായത്തിലെ ഒന്പത്, 10, 11, 12 വാർഡുകളും നെൻമേനി പഞ്ചായത്തിലെ ഒന്പത്, 10, 11, 12 വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്.