കൽപ്പറ്റ: കോവിഡ്-19 വ്യാപനം മൂലം വയനാടൻ ടൂറിസം മേഖലയിൽ ഉണ്ടായതു ശതകോടികളുടെ നഷ്ടം. 2018 ഫെബ്രുവരി മുതൽ മേയ് വരെയുള്ള സ്ഥിതിയുമായി താരതമ്യം ചെയ്യുന്പോൾ ഈ വർഷം ജില്ലയിൽ ടൂറിസം രംഗത്തു 547 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നു ഡിടിപിസി മെംബർ സെക്രട്ടറി ബി. ആനന്ദ് പറഞ്ഞു.
2018 ഫെബ്രുവരിയെ അപേക്ഷിച്ചു 50 ശതമാനം സഞ്ചാരികൾ മാത്രമാണ് ഈ വർഷം ഫെബ്രുവരിയിൽ ജില്ലയിൽ എത്തിയത്. ഇതു മാർച്ചിൽ 10 ശതമാനമായി കുറഞ്ഞു. ഈ മാസത്തെ അവസ്ഥ അടുത്ത മാസവും തുടരും. ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുന്നതുമൂലം അനുബന്ധ മേഖലകളിൽ ഉണ്ടായ വരുമാനച്ചോർച്ചയും ചേർത്താണ് ഭീമൻ നഷ്ടം കണക്കാക്കിയത്.
2018ലെ പ്രളയത്തിനും ജില്ലയ്ക്കു പുറത്തുണ്ടായ നിപ്പാ വൈറസ് ബാധയ്ക്കും പിന്നാലെ തുടങ്ങിയതാണ് വയനാടൻ ടൂറിസത്തിന്റെ കഷ്ടകാലം. ടൂറിസം രംഗത്തു മുതൽമുടക്കിയവർ പിടിച്ചുനിൽക്കാൻ പാടുപെടുന്നതിനിടെ 2019ലെ മഴക്കാലത്തും പ്രകൃതിദുരന്തം ആവർത്തിച്ചു.
ഇതോടെ മണ്‍സൂണ്‍ ടൂറിസത്തിൽ അർപ്പിച്ച പ്രതീക്ഷയും അസ്ഥാനത്തായി. നടപ്പുസീസണിൽ ടൂറിസം കേന്ദ്രങ്ങളും അനുബന്ധ സ്ഥാപനങ്ങളും തട്ടിമുട്ടി നീങ്ങുന്നതിനിടെയായിരുന്നു കോവിഡ് വൈറസ് വ്യാപനം. ഇതു ഏൽപ്പിച്ച ആഘാതത്തിൽനിന്നു എപ്പോൾ, എങ്ങനെ കരകയറാമെന്നതിൽ ടൂറിസം രംഗത്തെ വിദഗ്ധർക്കുപോലും തിട്ടമില്ല.
2000നുശേഷം കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ജില്ലയിൽ ടൂറിസം മേഖലയിൽ വൻതോതിലുള്ള സ്വകാര്യ നിക്ഷേപമാണ് നടന്നത്. പരിസ്ഥിതി സൗഹൃദ-സാഹസിക വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ രാജ്യത്തിനു പുറത്തും ശ്രദ്ധയാകർഷിച്ച സാഹചര്യത്തിലാണ് വയനാട്ടിൽ മുതൽമുടക്കാൻ ടൂറിസം സംരംഭകർ തയാറായത്.
ജില്ലയിൽ ടൂറിസം വകുപ്പിന്റെ അംഗീകാരത്തോടെയും അല്ലാതെയും നിരവധി റിസോർട്ടുകളും ഹോംസ്റ്റേകളും സർവീസ്ഡ് വില്ലകളും പ്രവർത്തിക്കുന്നുണ്ട്. ടൂറിസ്റ്റ് ഹോമുകളും ഹോട്ടലുകളും പുറമേ. കാർഷിക മേഖലയുടെ തകർച്ചമൂലം ജില്ലയിലുണ്ടായ സാന്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള മാർഗമായി ടൂറിസം മേഖലയെയാണ് ഭരണാധികാരികളടക്കം ചൂണ്ടിക്കാട്ടിയിരുന്നത്. ഇപ്പോൾ ടൂറിസം മേഖലയിലെ പ്രതിസന്ധി എങ്ങനെ പരിഹരിക്കാമെന്ന ചോദ്യം ഉയർന്നിരിക്കയാണ്.
കൊറോണ വൈറസ് വ്യാപനംമൂലം ജില്ലയിൽ ടൂറിസം രംഗത്തു ആയിരക്കണക്കിനു ആളുകളാണ് ദുരിതത്തിലായത്. റിസോർട്ട്, ഹോംസ്റ്റേ, സർവീസ്ഡ് വില്ല, ഹോട്ടൽ, ടൂറിസ്റ്റ് ബസ്, ട്രാവലർ, ടാക്സി ഉടമകളും തൊഴിലാളികളും ടൂറിസം കേന്ദ്രങ്ങളിലെ ചെറുകിട സംരംഭകരും കണ്ണീരിലാണ്.
വാഹന ഉടമകൾ വായ്പ ഗഡുക്കൾ, ഇൻഷ്വറൻസ് പ്രീമിയം, റോഡ് ടാക്സ് എന്നിവയുടെ അടവിനെക്കുറിച്ചോർത്തും വ്യാകുലപ്പെടുകയാണ്. നിലവിൽ സംസ്ഥാനത്തെ കോവിഡ് രോഗികളില്ലാത്ത ജില്ലകളിലൊന്നാണ് വയനാട്. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച മൂന്നു പേരും സുഖപ്പെട്ടു.
ആയിരത്തിൽ ചുവടെ ആളുകളാണ് നിരീക്ഷണത്തിലുള്ളത്. എങ്കിലും മേയ് മൂന്നിനു ലോക്ക്ഡൗണ്‍ പിൻവലിച്ചാലും ജില്ലയിൽ ടൂറിസം കേന്ദ്രങ്ങൾ തുറക്കാനാവില്ല. ആളുകൾ കൂടുന്ന ഷോപ്പിംഗ് മാളുകൾക്കും മറ്റുമുള്ള നിയന്ത്രണം ടൂറിസം കേന്ദ്രങ്ങൾക്കും ബാധകമാണ്. വയനാടിനോടു ചേർന്നുള്ള ജില്ലകളിലും സംസ്ഥാനങ്ങളിലും കോവിഡ് കേസുകളുണ്ട്.
ഈ ജില്ലകളിൽനിന്നുള്ളവരെ വയനാട്ടിൽ വന്നുപോകാൻ അനുവദിക്കാത്ത സാഹചര്യം കുറച്ചുകാലംകൂടി തുടരുമെന്നാണ് സൂചന. ഇതിനിടയിലും സർക്കാർ അനുവദിക്കുന്ന മുറയ്ക്കു ടൂറിസ്റ്റുകേന്ദ്രങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുന്നിതിനു ഡിടിപിസി ക്രമീകരണം ഏർപ്പെടുത്തിയതായി മെംബർ സെക്രട്ടറി പറഞ്ഞു.