പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ നിന്നും ചാടിപ്പോയ വെച്ചൂച്ചിറക്കാരന്‍ പോലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും ശരിക്കു വലച്ചു. ഇറ്റലിയില്‍ നിന്ന് വന്ന് ഒരു ആരോഗ്യകേന്ദ്രത്തിലും റിപ്പോര്‍ട്ട് ചെയ്യാതെ കറങ്ങി നടന്ന ഐത്തലക്കാരുടെ സമീപനം തന്നെയായിരുന്നു അവരുടെ കുടുംബ സുഹൃത്തായ വെച്ചൂച്ചിറക്കാരനും. തനിക്ക് രോഗമില്ലെന്ന് സ്വയം പ്രഖ്യാപിച്ച ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ കിടക്കാന്‍ കൂട്ടാക്കാതെ വീട്ടിലേക്ക് മുങ്ങുകയായിരുന്നു.
തനിക്കു രോഗമില്ലെന്നും പിന്നെന്തിന് താന്‍ അവിടെ കിടക്കണമെന്നും ചോദിച്ചാണ് ഇയാള്‍ ചാടിപ്പോയതിനെ ന്യായീകരിക്കുന്നത്. രാത്രി ഏഴു മണിയോടെയാണ് ഇയാള്‍ ചാടിപ്പോയത്. പത്തരയ്ക്ക് അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിയ പോലീസിന്റെ കൈയ്യില്‍ ഇയാളെക്കുറിച്ച് അന്വേഷിക്കാന്‍ പേരും വെച്ചൂച്ചിറക്കാരന്‍ എന്ന വിവരവും മാത്രം.
ഇതുവെച്ച് തപ്പിയെങ്കിലും ആളെ കണ്ടുകിട്ടിയില്ല. അതിന് ശേഷമാണ് ഡിഎംഓഫീസില്‍ നിന്ന് അഡ്രസും ഫോണ്‍ നമ്പരും കിട്ടിയത്. സൈബര്‍ സെല്‍ തപ്പിയപ്പോള്‍ ആള്‍ വെച്ചൂച്ചിറയിലെ വീട്ടില്‍ സുഖമായിരിക്കുന്നുവെന്ന് കണ്ടെത്തി.
ഉടന്‍ തന്നെ പൊലീസ് അവിടെ എത്തിയെങ്കിലും ആശുപത്രിയിലേക്ക് തിരികെ വരാന്‍ ഇയാള്‍ തയ്യാറായില്ല. തനിക്ക് രോഗമില്ലെന്നും താനെന്തിന് അവിടെ കിടക്കണം എന്നുമായി ഇയാളുടെ ചോദ്യം.
രോഗം സംശയിക്കുന്നയാളായതു കൊണ്ട് പിടിച്ച് ജീപ്പില്‍ കയറ്റി കൊണ്ടുവരാനും പൊലീസിന് കഴിയുമായിരുന്നില്ല. വീടിന് കാവലിടാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. ഇയാളെ പൊലീസ് കാവലില്‍ നിരീക്ഷണത്തിലാക്കി.
തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രി ആര്‍എംഓയുമായി ബന്ധപ്പെട്ട് പ്രത്യേക ആംബുലന്‍സ് വെച്ചൂച്ചിറയ്ക്ക് അയയ്ക്കുകയായിരുന്നു. രോഗിയെ വീണ്ടും ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പുലര്‍ച്ചെ രണ്ടു കഴിഞ്ഞു.
അതുവരെ ജില്ലാ ആസ്ഥാനത്തെയും വെച്ചൂച്ചിറ, റാന്നി സ്റ്റേഷനുകളിലെയും പൊലീസുകാര്‍ക്കും ഒരു പോള കണ്ണടയ്ക്കാന്‍ കഴിഞ്ഞില്ല. മൂത്രപ്പുരയില്‍ പോകാന്‍ എന്നു പറഞ്ഞു തഞ്ചത്തിലായിരുന്നു യുവാവ് മുങ്ങിയത്.
ശൗചാലയത്തില്‍ അടക്കം പോയി മടങ്ങിവരാന്‍ ആവശ്യമായ സമയം കഴിഞ്ഞും യുവാവിനെ കാണാതായതോടെയാണ് ആശുപത്രി അധികൃതര്‍ അന്വേഷണം തുടങ്ങിയത്. യുവാവിന് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. രോഗം സ്ഥിരീകരിച്ച ആളുകളുമായി യുവാവ് അടുത്തിടപഴകിയിരുന്നു.
ഇതേത്തുടര്‍ന്നാണ് ചില രോഗലക്ഷണങ്ങളുമായാണ് യുവാവിനെ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇങ്ങനെയുള്ള ആളുകളുടെ നിസ്സകരണമാണ് ആരോഗ്യവകുപ്പും പോലീസും നേരിടുന്ന ഒരു പ്രധാന പ്രശ്‌നം.