കൊച്ചി: കോവിഡ് ബാധിതരായി ജില്ലയില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളവരില്‍ അഞ്ചു പേര് അതീവ ഗുരുതരാവസ്ഥയില്‍.
80 വയസുള്ള പറവൂര്‍ സ്വദേശിനി, 69 വയസുള്ള ആലുവ കുട്ടമശേരി സ്വദേശി, 64 വയസുള്ള ആലുവ സ്വദേശിനി, 53 വയസുള്ള ആലുവ കുന്നുകര സ്വദേശിനി, 42 വയസുള്ള ഇലഞ്ഞി സ്വദേശി എന്നിവരുടെ ആരോഗ്യ നിലയാണ് ആശങ്കയില്‍ തുടരുന്നത്.
ഇതില്‍ ഇലഞ്ഞി സ്വദേശി ഒഴികെയുള്ളവര്‍ക്ക് ന്യൂമോണിയ ബാധിച്ച് ഗുരതരമായ അവസ്ഥയിലാണ്. അതേസമയം സമ്പര്‍ക്ക വ്യാപനം രൂക്ഷമായ ഫോര്‍ട്ടുകൊച്ചിയില്‍ നിയന്ത്രണങ്ങള്‍ കൂടതല്‍ കര്‍ശനമാക്കി. ആലുവയില്‍ നടപ്പാക്കിയതിന് സമാനമായ നിയന്ത്രണങ്ങളായിരിക്കും ഏര്‍പ്പെടുത്തുക.
ചെല്ലാനത്തും ആലുവയിലും ഇപ്പോഴും രോഗം നിയന്ത്രണവിധേയമായിട്ടില്ല. ഇതിലും രൂക്ഷമായ സാഹചര്യമാണ് ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി എന്നിവിടങ്ങളില്‍.
കളമശേരി, ഇടപ്പള്ളി, ഏലൂര്‍, ചേരാനെല്ലൂര്‍ എന്നിവിടങ്ങളിലും രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ഇവിടെയും കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഈ മേഖലയിലെ വ്യവസായങ്ങള്‍ക്ക് ഇളവു നല്‍കിയാവും നിയന്ത്രണം കടുപ്പിക്കുക.
ഇന്നലെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ പേര്‍ക്ക് രോഗമുക്തി നേടാനായത് ചെറിയൊരു ആശ്വാസമാണ് നല്‍കുന്നത്. ഇന്നലെ ഒരു വയസുള്ള കുട്ടിയും രണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെ 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഇതില്‍ 64 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 83 പേര് ഇന്നലെ രോഗമുക്തരായി. ജില്ലയില്‍ ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത് 799 പേരാണ്. 1614 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 840 പേരെക്കൂടി നിരീക്ഷണത്തിലാക്കി.
223 പേരെ ആശുപത്രികളിലും 617 പേരെ വീടുകളിലുമാണ് നിരീക്ഷണത്തിലാക്കിയത്. വീടുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 1335 പേരെ ഇന്നലെ നിരീക്ഷണകാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഒഴിവാക്കി. 12006 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്.