ചവറ: ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിച്ച കണ്ടെയിൻമെന്റ് സോണായ ചവറ, പന്മന തീരദേശമേഖലയിൽ കഴിഞ്ഞ ദിവസം സമ്പർക്കത്തിലൂടെ ഒൻപത് പേർക്ക് രോഗം സ്ഥിരീകരിച്ചു.
ചവറയിൽ എട്ടും പന്മനയിൽ ഒന്നുമാണ് സ്ഥിരീകരിച്ചത്. പന്മന വെറ്റമുക്ക് ആറാം വാർഡിലെ യുവാവിനാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇയാൾ കോവിഡ് പോസിറ്റീവായ ഓയൂരുള്ള ബന്ധുവീട്ടിൽ സന്ദർശനം നടത്തിയിരുന്നു.
രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ചവറയിൽ മുൻപ് കോവിഡ്പോസിറ്റീവായവരുടെ പ്രാഥമിക സമ്പർക്കത്തിൽപ്പെട്ടവരുടെ പരിശോധനയിലാണ് എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ തീവ്ര നിയന്ത്രണ മേഖലയിൽ നിന്നും കണ്ടെയിൻമെന്റ് സോണാക്കി മാറ്റിയ ചവറയും, പന്മനയിലും നിയന്ത്രണങ്ങൾ കടുപ്പിക്കാനും ജാഗ്രതയിലാക്കാനുമുള്ള ശ്രമത്തിലാണ് പോലീസും, ആരോഗ്യ വകുപ്പും.
ഇതിന്റെ ഭാഗമായി വിവിധ വാർഡുകളിൽ അനൗൺസ്മെന്റ് നടത്തുകയുണ്ടായി. സമ്പർക്കത്തിലൂടെ രോഗം വ്യാപിപ്പിക്കാതിരിക്കാൻ ജനങ്ങൾ നിർദേശങ്ങളും, നിയന്ത്രണങ്ങളും പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ചവറ, പന്മന പഞ്ചായത്തുകളിൽപ്പെട്ടവർക്കായി സ്രവ പരിശോധന ചവറ സി എച്ച് സി യിൽ ആഴ്ചയിൽ നാല് ദിവസമായി അധികൃതർ നടത്തിവരികയാണ്.
പന്മന പുത്തൻചന്തയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കും ആരോഗ്യ പ്രവർത്തകർക്കും ദിവസങ്ങൾക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചവറ ഫയർഫോയ്സ് ആശുപത്രി അണുനശീകരണം നടത്തി.
പന്മനയും ചവറയും തീവ്ര നിയന്ത്രണ മേഖലയിൽ നിന്നും കണ്ടെയിൻമെന്റ്് സോണാക്കി മാറ്റിയതോടെ ജനങ്ങൾ പുറത്തിറങ്ങാൻ തുടങ്ങി. ഇത് സ്ഥിതിഗതികൾ രൂക്ഷമാകാൻ ഇടയുള്ളതിനാൽ അത്യാവശ്യകാര്യങ്ങൾക്കായി മാത്രം പുറത്തിറങ്ങാവുവെന്ന് അധികൃതർ പറഞ്ഞു.