ന്യൂഡൽഹി: ഡെൽറ്റ വകഭേദം ലോകത്തിന്റെ പലഭാഗത്തും ആശങ്കയുയർത്തുന്പോഴും ഇന്ത്യയ്ക്ക് ആശ്വാസമായി പ്രതിദിന രോഗികൾ വീണ്ടും കുറഞ്ഞു. ഇന്നലെ 28,204 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
മാർച്ച് 16നു ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണ് ഇത്. 373 പേർ മരിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഏതാണ്ടു നാല്പതിനായിരനടുത്തു രോഗികളാണ് രാജ്യത്ത് ദിവസേന ഉണ്ടായിരുന്നത്.
അതേസമയം കേരളത്തിലും ചില വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവു രേഖപ്പെടുത്തിയിട്ടില്ല.
രോഗബാധ കുറയുന്നു എന്ന അനുമാനത്തിൽ ചില സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറന്നു. ഡൽഹിയിൽ പത്തും പന്ത്രണ്ടും ക്ലാസുകളിലെ കുട്ടികൾക്ക് സ്കൂളിൽ എത്താം.
ഒഡിഷയിലും ക്ലാസുകൾ ആരംഭിച്ചു. പതിനേഴു മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാമെന്ന് മഹാരാഷ്ട്ര സർക്കാരും അറിയിച്ചിട്ടുണ്ട്. യു.പി, മേഘാലയ, കർണാടക സംസ്ഥാനങ്ങളും ഓഫ്ലൈൻ ക്ലാസുകൾ തുടങ്ങുകയാണ്.
എന്നാൽ ഡെൽറ്റ വകഭേദം ചൈനയിലുൾപ്പെടെ പല രാജ്യങ്ങളിലും വീണ്ടും ഭീഷണിയാകുന്ന സാഹചര്യമാണ്. ചൈനയിൽ കൂട്ട കോവിഡ് പരിശോധന ആരംഭിച്ചു. ബ്രിട്ടനിൽ ഇന്നലെ മാത്രം കാൽലക്ഷത്തിലേറെപ്പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.