സ്വന്തം ലേഖകന്‍
കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ മാനദണ്ഡം ലംഘിക്കുന്നവര്‍ക്കെതിരേ ഇളവില്ലാതെ നടപടിക്കൊരുങ്ങി പോലീസ്. ഓണത്തിന് പിന്നാലെ പ്രതിദിന രോഗനിരക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചത്.
ഇന്ന് മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിന് ശേഷമേ പോലീസ് നടപടികള്‍ സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുകയുളളൂ. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ്സാക്കറെ ഇനിയുള്ള ദിവസങ്ങളില്‍ പോലീസ് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കുമെന്നാണ് വിവരം.
ജനം ഇറങ്ങുന്നു
ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ജനങ്ങള്‍ കൂടുതലായി പുറത്തിറങ്ങുന്ന സാഹചര്യം രോഗവ്യാപന തോത് കൂട്ടിയതായാണ് വിലയിരുത്തല്‍. ഓണക്കാലത്തു പലേടത്തും ആള്‍ത്തിരക്ക് അനുഭവപ്പെട്ടിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിലും കടകളിലും മാര്‍ക്കറ്റുകളിലുമെല്ലാം ആളുകള്‍ തിങ്ങി കൂടിയിട്ടുണ്ട്.
കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പലയിടത്തും ഇതു ലംഘിക്കപ്പെട്ടതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.അതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ രോഗവ്യാപന തോത് കൂടാനുള്ള സാധ്യതയേറെയാണ്.
ഈ സാഹചര്യത്തിലാണ് മാനദണ്ഡം പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസ് തീരുമാനിച്ചത്. പൊതു ഇടങ്ങളില്‍ കര്‍ശന പരിശോധന നടത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ കഴിഞ്ഞ ദിവസം തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെക്ടറല്‍ മജിസ്ട്രേറ്റുമാരും പോലീസും കോവിഡ് മാനദണ്ഡം ലംഘിക്കുന്നവരെ കണ്ടെത്താനായി ഇന്നു മുതല്‍ സജീവമായി രംഗത്തിറങ്ങും.
പിടിവീഴും
ഓണത്തിന് മുമ്പ് വരെ മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ടു പതിനായിരത്തിനു മുകളില്‍ വരെ ആളുകളെ കണ്ടെത്തി പോലീസ് നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, നടപടിക്കെതിരേ വിവിധ ഭാഗങ്ങളില്‍നിന്നു വിമര്‍ശനമുയര്‍ന്നതോടെ ഓണത്തിന് കര്‍ശന നിയന്ത്രണങ്ങളില്‍നിന്നു പോലീസ് അപ്രഖ്യാപിത ഇളവുകള്‍ നല്കി.
ഉത്രാടത്തിനു തൊട്ടുമുമ്പ് 1820 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്ന പോലീസ് ഓണനാളുകളില്‍ 1439 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഉത്രാടം നാളില്‍ 1626 കേസുകളും മാസ്കിടാത്തതിന് 9567 പേര്‍ക്കെതിരേ നടപടിയും സ്വീകരിച്ചു. തിരുവോണ നാളില്‍ 9197 പേരാണ് ശരിയായ രീതിയില്‍ മാസ്കിടാത്തതിനു പിടിയിലായത്.
മൂന്നാം ഓണത്തിനും കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. 1042 കേസുകള്‍ മാത്രമായിരുന്നു രജിസ്റ്റര്‍ ചെയ്തത്. അന്ന് 5305 പേര്‍ക്കെതിരേ മാത്രമേ മാസ്കിടാത്തതിന് നടപടി സ്വീകരിച്ചിരുന്നുളളൂ. ഇന്നലെ 1273 കേസുകളും 7163 പേര്‍ക്കെതിരേ മാസ്കിടാത്തതിന് നടപടി സ്വീകരിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ക്രമാതീതമായി വര്‍ധിക്കുന്നതോടെ കൂടുതല്‍ കേസുകള്‍ പിടികൂടണമെന്നു പോലീസുകാര്‍ക്കു മേലുദ്യോഗസ്ഥര്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ കൂടുതല്‍ തീരുമാനങ്ങളുണ്ടാവും. ഇതിനനുസരിച്ച് അടുത്ത ദിവസം മുതല്‍ പരിശോധനയില്‍ മാറ്റംവരുത്താനാണ് പോലീസ് തീരുമാനം.
മിന്നൽ പരിശോധന
ടിപിആര്‍ 18.80 ശതമാനമായി ഉയര്‍ന്ന കോഴിക്കോട് പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഉത്രാടപാച്ചിലില്‍ പാളയം പച്ചക്കറിമാര്‍ക്കറ്റിലും മിഠായിത്തെരുവിലുമെല്ലാം ജനതിരക്ക് അനിയന്ത്രിതമായി ഉയര്‍ന്നതുകാരണം കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാളി. സാമൂഹ്യഅകലം പാലിക്കാതെ ആളുകള്‍ തടിച്ച്കൂടിയത് വലിയ ആശങ്കയാണുണ്ടാക്കുന്നത്.
വ്യാപാരകേന്ദ്രങ്ങളിലും ഷോപ്പിംഗ് മാളുകളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കും. സെന്‍ട്രല്‍ മാര്‍ക്കറ്റുകളിലും പാളയം പാര്ക്കറ്റിലും വലിയങ്ങാടിയിലുമെല്ലാം മിന്നല്‍ പരിശോധന നടത്തും.
ഓണത്തിനോടനുബന്ധിച്ചുള്ള ഇളവുകളുടെ ഫലമായി ജില്ലയില്‍ കോവിഡ് കണക്കുകള്‍ വരുംദിവസങ്ങളില്‍ ലഭിക്കും. ഇതുകൂടി പരിശോധിച്ചശേഷമാകും നഗരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.