സ്വന്തം ലേഖകൻ
തൃശൂർ: മറ്റു രാഷ്ട്രങ്ങളിൽനിന്ന് വ്യത്യസ്തമായി അബുദാബിയടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ പടർന്നുപിടിച്ച കോവിഡ് വൈറസിന് വ്യത്യാസങ്ങൾ എന്തെങ്കിലുമുണ്ടോ എന്ന അന്വേഷണത്തിലാണ് വൈദ്യശാസ്ത്ര രംഗം. വൈറസിന് ജനിതകമാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്.
അബുദാബിയിലും ഗൾഫിലും മരണനിരക്ക് വർധിക്കുന്നത് വൈറസിന്റെ തീവ്രത കൊണ്ടാണോ അതോ ചികിത്സാപോരായ്മ കൊണ്ടാണോ എന്ന് വ്യക്തമല്ല. അതുകൊണ്ടുതന്നെ ഗൾഫിൽ നിന്നു വന്നവരിൽ കാണുന്ന കോവിഡ് വൈറസിനെ കൂടുതൽ വിശദമായി, സസൂക്ഷ്മം പരിശോധിക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ഗൾഫിൽനിന്നു തിരിച്ചെത്തിയ പ്രവാസികൾക്കാണ് ഇപ്പോൾ തൃശൂരിൽ കോവിഡ് പോസിറ്റീവായിരിക്കുന്നത്. ഗൾഫിൽ നടത്തിയ പരിശോധനയിൽ ഇവർക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലത്രെ. തിരിച്ചെത്തുന്പോൾ നെഗറ്റീവ് ആയിരിക്കുകയും പിന്നീട് പോസിറ്റീവ് ആകുകയും ചെയ്യുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
വിദേശരാജ്യങ്ങളിലെ പരിശോധനകളുടെ കൃത്യതയെയാണ് ഇത് ചോദ്യം ചെയ്യുന്നത്. വൈറസ് ശരീരത്തിൽ കയറി ഏഴു ദിവസത്തിന് ശേഷമെ പരിശോധനയിൽ കാണാനാകൂവെന്ന സാങ്കേതികത്വം പറഞ്ഞ് വിദേശ പരിശോധകർക്ക് കൈകഴുകാമെങ്കിലും കേരളം നടത്തും പോലെയുള്ള പരിശോധനകളും റൂട്ട് മാപ്പ് തയ്യാറാക്കലും പശ്ചാത്തലങ്ങളുടെ വിശദമായ അന്വേഷണമൊന്നും മറ്റു രാഷ്ട്രങ്ങളിൽ നടക്കുന്നില്ലെന്നതിലേക്കാണ് ഇതെല്ലാം വിരൽചൂണ്ടുന്നത്.
തൃശൂരിൽ കോവിഡ് സ്ഥിരീകരിച്ച ദന്പതികൾ ഗൾഫിൽ കോമണ് കിച്ചൻ അഥവാ പൊതു അടുക്കള മറ്റൊരു കൂട്ടരുമായി പങ്കിട്ടിരുന്നവരാണ്. അവർക്ക് കോവിഡ് പോസിറ്റീവ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. അവരുമായി അടുത്തിടപഴകിയവർ എന്ന കാര്യം പോലും പരിഗണിക്കാതെയാണ് നൂറിലേറെ പേർ യാത്രചെയ്ത വിമാനത്തിൽ ഈ ദന്പതികളേയും നാട്ടിലേക്ക് കയറ്റി വിട്ടത്. ഇത്തരം ഗുരുതരമായ പിഴവുകൾ സാങ്കേതികമല്ലെന്ന് കേരളത്തിലെ വിദഗ്ധർ ഓർമിപ്പിക്കുന്നു.
വിമാനത്തിൽ ഇവർ ഇരുന്നതിന് മുന്നിലും പിന്നിലുമുണ്ടായിരുന്ന രണ്ടോ മൂന്നോ സീറ്റുകളിലിരുന്ന് യാത്ര ചെയ്തവരെ ഹൈറിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുത്തി കർശന നിരീക്ഷണം നടത്തേണ്ടതായുണ്ട്.
അക്കൂട്ടത്തിൽ ഗർഭിണികളോ കുട്ടികളോ പ്രായമായവരോ ഉണ്ടോ എന്ന അന്വേഷണത്തിലാണ് ഇപ്പോൾ ആരോഗ്യവകുപ്പ്.
ഈ വിഭാഗത്തിലുള്ളവരെ സ്ഥാപന ക്വാറന്റൈനിലേക്ക് വിടാതെ വീടുകളിലേക്ക് ക്വാറന്റൈൻ നിർദ്ദേശിച്ച് പറഞ്ഞയച്ചിരിക്കുകയാണ്. വീടുകളിലേക്ക് പോയവർ ഹൈറിസ്ക് ഗണത്തിൽ ഉൾപ്പെടേണ്ടവരാണെങ്കിൽ ആരോഗ്യവകുപ്പിന് തലവേദന കൂടും. അവർ സഞ്ചരിച്ച വഴികളും ഇടപഴകിയവരുമെല്ലാം കണ്ടെത്തേണ്ടി വരും.
അതേസമയം വിമാനത്തിൽ കർശനമായ മുൻകരുതലുകൾ കൈക്കൊണ്ടിരുന്നുവെന്നാണ് വിമാനക്കന്പനികളും എയർപോർട്ട് അധികൃതരും യാത്രക്കാരും നൽകുന്ന വിവരം. പരമാവധി സാമൂഹിക അകലം പാലിച്ചാണ് യാത്രക്കാർ ഇരുന്നിരുന്നതെന്നും മാസ്ക് ധരിച്ചിരുന്നുവെന്നും വിമാനം അണുവിമുക്തമാക്കിയിരുന്നുവെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നുണ്ട്.
വരും നാളുകളിൽ കൂടുതൽ പേർ വിദേശങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്താനിരിക്കുകയാണ്. കൂടുതൽ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും നിരീക്ഷിച്ച് നടപടികൾ കൂടുതൽ കർശനമാക്കേണ്ട സ്ഥിതിവിശേഷമാണ് ജില്ലയിലും സംസ്ഥാനത്തുമുള്ളത്.