ഇരിട്ടി : അയ്യങ്കുന്ന് പഞ്ചായത്തിലെ എടപ്പുഴയിൽ ആദിവാസി യുവതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് കരിക്കോട്ടക്കരി മേഖല കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. കൂമൻതോട് , കരിക്കോട്ടക്കരി, വലിയ പറമ്പുംകരി , ഈന്തുങ്കരി, എടപ്പുഴ എന്നീ അഞ്ച് വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണിൽ പെടുക. ഇന്നലെ രാത്രി തന്നെ പഞ്ചായത്ത് സുരക്ഷാസമിതി യോഗം ചേർന്നാണ് തീരുമാനമെടുത്തത്.
യുവതിക്ക് കോവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ലെങ്കിലും കോളനി നിവാസികൾ യുവതിയെ കാണാൻ വേണ്ടി പോയിട്ടുണ്ട്. ഇതേത്തുടർന്ന് നിരവധി പേർക്ക് സമ്പർക്കം ഉണ്ടായതായാണ് സംശയിക്കുന്നത്.
ശക്തമായ മുൻകരുതൽ സ്വീകരിക്കാനാണ് സുരക്ഷാ സമിതിയുടെ തീരുമാനം. പോലീസ് രാത്രി തന്നെ കണ്ടെയ്ൻമെന്റ് സോൺ പരിധിയിൽ മൈക്ക് അനൗൺസ്മെന്റ് നടത്തി.
ആരും വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പാടില്ലെന്നും കടകളും സ്ഥാപനങ്ങളും അടച്ചിടണമെന്നും അവശ്യ സാധനങ്ങൾക്കും മറ്റും ഹോം ഡെലിവറി സംവിധാനത്തെ ആശ്രയിക്കണമെന്നും നിർദേശം നൽകി.
പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യൻ , വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടി, ജില്ലാ പഞ്ചായത്തംഗം തോമസ് വർഗീസ്, മെഡിക്കൽ ഓഫീസർ ഡോ.കെ. ദിവ്യ, കരിക്കോട്ടക്കരി സിഐ പി.ആർ.സുനു, അയ്യങ്കുന്ന് വില്ലേജ് അസിസ്റ്റന്റ് സാബു എന്നിവർ യോഗത്തിൽ പങ്കെടുത്തു. കോളനിയിൽ ഒരാൾ കർണാടകത്തിൽ നിന്ന് വന്നതായി സംശയിക്കുന്നുണ്ട്.