കോഴിക്കോട്: കോവിഡ് മൂന്നാം തരംഗവും ഒമിക്രോണും വര്‍ധിക്കുമ്പോള്‍ ആശുപത്രികളെയും കെയര്‍ സെന്ററുകളെയും പരമാവധി ഒഴിവാക്കിയുള്ള ചികിത്സാ പദ്ധതിക്ക് സര്‍ക്കാര്‍ തയാറെടുക്കുന്നു. ചികിത്സ വീടുകളില്‍ത്തന്നെ പരമാവധി ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.
നിലവിലെ സാഹചര്യത്തില്‍ വ്യാപനം വര്‍ധിപ്പിച്ചാല്‍ ആശുപത്രി സ്ജ്ജീകരണങ്ങള്‍ പോരാതെ വരും. മാത്രമല്ല ഇനിയും പഴയകാല സ്ഥിതിയിലേക്ക് പോകുന്നതു സാമ്പത്തിക- പശ്ചാത്തല ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഇപ്പോള്‍ സര്‍ക്കാരിനോടു മുഖം തിരിച്ചു നില്‍ക്കുകയാണ്. കോവിഡ് പേരാളികള്ക്കും പഴയകാല താത്പര്യം നഷ്ടപ്പെട്ടുകഴിഞ്ഞു.
പലരെയും മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുകയും ചെയ്തു. കോവിഡ് രൂക്ഷമായിരിക്കേ ഇവര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടും ജോലിയില്‍ തുടരുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആരോഗ്യവകുപ്പ് തീര്‍ത്തും അവഗണിച്ചുവെന്നാണ് ആക്ഷേപം.
എതുനിമിഷവും സമരമുഖത്തേക്കു തിരിച്ചെത്തുന്ന രീതിയിലാണ് ജൂണിയര്‍ ഡോക്ടര്‍മാര്‍. ഈസാഹചര്യത്തില്‍ ആശുപത്രി സജ്ജീകരണങ്ങളെമാത്രം ‘വിശ്വസി’ക്കാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
കോവിഡ് മൂന്നാം തരംഗം മുന്നില്‍ക്കണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു ഗൃഹ ചികിത്സയില്‍ പരിശീലനം സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇതായിരിക്കും കൂടുതല്‍ നന്നാകുകയെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്തു കോവിഡ് നിരക്ക് ഉയരുന്നുണ്ട്. ഒമിക്രോണും കൂടുന്നു. രോഗികള്‍ കൂടുന്നതിനാല്‍ ഗൃഹചികിത്സയാണ് കൂടുതല്‍ ഫലപ്രദം. കേരളം മികച്ച രീതിയില്‍ നടപ്പാക്കിയതാണ് ഇത്.
രോഗികള്‍ വര്‍ധിച്ചാല്‍ ആശുപത്രി ചികിത്സ ആവശ്യമില്ലാത്തവര്‍ക്കു ഗൃഹപരിചരണം നല്കാന് ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കാനാണ് പരിശീലനം നല്‍കുന്നത്.
ആരോഗ്യപ്രവര്‍ത്തകര്‍, ദിശ കൗണ്‍സലര്‍മാര്‍, ഇ-സഞ്ജീവനി ഡോക്ടര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം. മൂന്നാം തരംഗം മുന്നില്‍ക്കണ്ട് പ്രതിരോധപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എല്ലാ ആശുപത്രിയിലും ഇന്ഫെക്ഷന് കണ്‍ട്രോണ്‍ പരിശീലനം, ഐസിയു മാനേജ്മെന്റ് പരിശീലനം എന്നിവ സംഘടിപ്പിച്ചു. ഇവ തുടരാനും തീരുമാനിച്ചിട്ടുണ്ട്.