സെബി മാത്യു
ന്യൂഡൽഹി: ഒക്ടോബറിൽ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് ദേശീയ ദുരന്തനിവാരണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുന്നറിയിപ്പ്. രാജ്യത്തെ ആശുപത്രികളിൽ നിലവിലുള്ള കിടക്കകൾ, ഓക്സിജനറേറ്ററുകൾ ഉൾപ്പെ ടെയുള്ള സംവിധാനങ്ങൾ കൊണ്ടു മൂന്നാം തരംഗത്തെ നേരിടാൻ കഴിയില്ല. ഇതു സംബന്ധിച്ച റിപ്പോർട്ട് പ്രധാനമന്ത്രിക്കു നൽകി.
രണ്ടാം തരംഗത്തിന്റെ മധ്യത്തിലാണ് ഇപ്പോൾ രാജ്യം. മൂന്നാം തരംഗത്തെ നേരിടാൻ ഇതിൽക്കൂടുതൽ കരുതൽ ആവശ്യമാണ്. രോഗം ബാധിച്ചതിലൂടെയോ വാക്സിനേഷനിലൂടെയോ കൈവരിച്ച രോഗപ്രതിരോധ ശേഷിയെ മറികടക്കാൻ ശേഷിയുള്ളവയാണ് ജനിതകമാറ്റം വന്ന വൈറസുകൾ.
സ്കൂളുകൾ തുറക്കുന്നത് കടുത്ത ജാഗ്രതയോടെ വേണം. പല സംസ്ഥാനങ്ങളിലും ഇതിനോടകം സ്കൂളുകൾ തുറന്നിട്ടുണ്ട്. രോഗവ്യാപനം തീരെയില്ലാത്ത മേഖലകളിൽ കോവിഡ് നിയന്ത്രണങ്ങളോടെ സ്കൂളുകൾ തുറക്കാം.
ക്ലസ്റ്റർ വ്യാപനം ഉള്ള നിർദിഷ്ട സ്ഥലങ്ങളിൽ മാത്രം സ്കൂളുകൾ അടച്ചിട്ട് ബാക്കിയുള്ളവ തുറക്കാം. സാമൂഹിക വ്യാപനവും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ സ്കൂളുകൾ അടച്ചുതന്നെയിടണം.
കുട്ടികളുടെ ചികിത്സയ്ക്കു മികച്ച സൗകര്യങ്ങളുടെ അഭാവമുണ്ട്.കോവിഡ് ബാധിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരോ നേരിയ ലക്ഷണങ്ങൾ മാത്രം ഉള്ളവരോ ആണ്. മറ്റ് രോഗങ്ങൾ ഉള്ളവരോ ഭിന്നശേഷിയുള്ളവരോ ആയ കുട്ടികൾക്ക് അടിയന്തരമായി വാക്സിൻ നൽകണം.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളിൽ 60 മുതൽ 70 ശതമാനം വരെ മറ്റ് രോഗങ്ങൾ ഉള്ളവരോ രോഗപ്രതിരോധ ശേഷി തീരെ കുറഞ്ഞവരോ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.