സ്വന്തം ലേഖകൻ
തൃശൂർ: നീണ്ട ഇടവേളയ്ക്കു ശേഷം തൃശൂരിൽ വീണ്ടും കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ ജില്ല ആശങ്കയിൽ. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും മടങ്ങിയെത്തുന്നവർക്ക് രോഗബാധയുണ്ടാകാൻ സാധ്യതയുണ്ടെന്നതിനാൽ ജില്ലയിൽ ആരോഗ്യവകുപ്പ് ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ട്.
തുടർച്ചയായി ഏതാനും ദിവസം കോവിഡ് കേസുകളൊന്നും പോസിറ്റീവ് അല്ലാത്തതുകൊണ്ട് തൃശൂർ ജില്ല പതിയെ സാധാരണ നിലയിലേക്ക് വരികയായിരുന്നു. ആരോഗ്യവകുപ്പും സർക്കാരും നൽകുന്ന മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും വരെ ലംഘിക്കുന്ന നിലയിലേക്ക് വരെ കാര്യങ്ങൾ എത്തിത്തുടങ്ങിയിരുന്നു.
ഇനി കോവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടാകില്ലെന്ന ധാരണയിൽ റോഡുകളിലിറങ്ങിയും സാമൂഹിക അകലം പാലിക്കാതെയും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആളുകൾ കോവിഡിന് മുൻപുള്ള കാലത്തെ പോലെ ആകാൻ തുടങ്ങിയിരുന്നു.
അതിനിടെയാണ് ഗൾഫിൽനിന്നു തിരിച്ചെത്തിയ രണ്ടുപേർക്ക് കോവിഡ് പോസിറ്റീവായത്. ഇതോടെ ജില്ല വീണ്ടും കോവിഡിന്റെ കുരുക്കിലായി. കൂടുതൽ പ്രവാസികൾ വരും ദിവസങ്ങളിൽ ജില്ലയിലെത്തും.
വിദേശത്തുനിന്ന് എത്തിയവരെ നേരെ ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിലുള്ള നിരീക്ഷണകേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. എന്നാൽ ഇതര സംസ്ഥാനങ്ങളിൽനിന്നു വന്നവരെ വീടുകളിൽ 14 ദിവസത്തെ നിരീക്ഷണത്തിനു വിട്ടിരിക്കുകയാണ്.
സർക്കാരിന്റെ ക്വാറന്റൈൻ നിർദേശം പാലിച്ചാൽ വ്യാപനം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് അധികൃതർ. അതീവ ജാഗ്രതയോടെയാണ് ആരോഗ്യവകുപ്പും പോലീസും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.
ജില്ലയിലുള്ളവർ കോവിഡ് ലോക്ഡൗണ് നിബന്ധനകൾ കർശനമായി പാലിക്കണമെന്നും ഒരു കാരണവശാലും മാസ്ക് ധരിക്കാതെ പുറത്തുപോകരുതെന്നും പുറത്തുപോയി വന്നാൽ കൈകളും മുഖവുമെല്ലാം സോപ്പുപയോഗിച്ച് കഴുകണമെന്നും പൊതുഇടങ്ങളിൽ ശുചിത്വം പാലിക്കണമെന്നും ആരോഗ്യവകുപ്പ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.