ന്യൂഡൽഹി: ചൈനയിലേക്കുള്ള വന്ദേ ഭാരത് മിഷൻ (വിബിഎം) വിമാനത്തിലെ യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ വിശദീകരണവുമായി എയർ ഇന്ത്യ. കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസ് നടത്തിയതെന്ന് എയർ ഇന്ത്യ അറിയിച്ചു.
യാത്രക്കാരെല്ലാം അംഗീകൃത ലാബിൽനിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. സർക്കാർ പറയുന്ന എല്ലാ സുരക്ഷാ മാർഗനിർദേശങ്ങളും എയർ ഇന്ത്യ കർശനമായി പാലിക്കുന്നുണ്ട്. എത്തിച്ചേരുന്ന വിമാനത്താവളങ്ങളിലെ നിബന്ധനകൾ അനുസരിക്കുകയും ചെയ്യുന്നുണ്ടെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
ഡൽഹിയിൽ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച വുഹാനിൽ എത്തിയ വിമാനത്തിലെ 19 യാത്രക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചൈനയിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്ന വിമാനങ്ങളുടെ യാത്ര അനിശ്ചിതത്വത്തിലായി.
വിമാനത്തിൽ എത്തിയ 277 യാത്രക്കാരിൽ 39 പേർ ലക്ഷണമില്ലാത്ത കോവിഡ് രോഗികളാണ്. പരിശോധനയിൽ ഇവരുടെ ശരീരത്തിൽ ആന്റിബോഡികൾ കണ്ടെത്തി.
58 യാത്രക്കാരെ കോവിഡ് ആശുപത്രികളിലേക്കും ക്വാറന്റീൻ മേഖലകളിലേക്കും മാറ്റിയിട്ടുണ്ട്. ശേഷിക്കുന്ന യാത്രക്കാരെ ഹോട്ടലുകളിൽ 14 ദിവസത്തെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്.