പത്തനംതിട്ട: കോവിഡ് 19 പശ്ചാത്തലത്തില്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ഥിനിയുടെ വീടിനു നേരെ നടന്ന ആക്രമണത്തില്‍ അറസ്റ്റിലായവര്‍ക്ക് സിപിഎം ബന്ധം. തണ്ണിത്തോട് മേക്കണ്ണം മോഹന വിലാസത്തില്‍ രാജേഷ്, തണ്ണിത്തോട് അശോകവിലാസത്തില്‍ അജേഷ്, തണ്ണിത്തോട് പുത്തന്‍പുരയില്‍ അശോകന് എന്നിവരെയാണ് തണ്ണിത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ സിപിഎമ്മിന് സജീവ പ്രവര്‍ത്തകരാണെന്ന് പറയുന്നു. ഇവരെ കൂടാതെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ സനല്‍, നവീന്‍, ജിന്‍സ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയിലാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ വീടിനു നേരേ കല്ലെറിയുകയും, വീടിന്റെ അടുക്കള ഭാഗത്തെ കതക് ചവിട്ടിപൊളിയ്ക്കുകയും ചെയ്തത്.
കഴിഞ്ഞ മാര്‍ച്ച് 19ന് കോയമ്പത്തൂരില്‍ നിന്നും വീട്ടില്‍ എത്തിയ വിദ്യാര്‍ഥിനി വീട്ടില്‍ സ്വയം നിരീക്ഷണത്തിലാകുകയായിരുന്നു. ആരോഗ്യ വകുപ്പ് വീട്ടില്‍ നോട്ടീസും പതിച്ചിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് കേബിള്‍ ടിവി ഓപ്പറേറ്റര്‍ ആയതിനാല്‍ മകള്‍ വന്നശേഷം ഇദ്ദേഹം ഓഫീസിലാണ് താമസം.
പിതാവ് റോഡില്‍ ഇറങ്ങി നടക്കുന്നതിന്റെ പേരില്‍ തണ്ണിത്തോട്ടിലെ ചില വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ഈ കുടുംബത്തെ അപകീര്‍ത്തീപ്പെടുത്തുന്ന രീതിയിലുള്ള പ്രചരണങ്ങള്‍ വ്യാപകമായി നടത്തിയതോടെ പെണ്‍കുട്ടി മുഖ്യമന്ത്രിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയതിന്റെ തൊട്ടടുത്ത ദിവസമാണ് വീടിനു നേരെ ആക്രമണം ഉണ്ടായത്.
ഇന്നലെ തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിഷയം ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായി നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആക്രമണം അപലപനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതിനിടെ അറസ്റ്റിലായവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചതും വിവാദമായിട്ടുണ്ട്. ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെയാണ് അറസ്റ്റിലായവര്‍ക്കെതിരെ നിസാരവകുപ്പുകള്‍ മാത്രം ചുമത്തി കേസെടുത്ത് ജാമ്യത്തില്‍ വിട്ടത്.
വീട്ടിലെത്തിയ അക്രമികളിലൊരാള്‍ പെണ്‍കുട്ടിയെ പിടിച്ചുതള്ളിയതായി പിതാവ് നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു.