ആലുവ: ഇതര സംസ്ഥാനങ്ങളിൽനിന്നു വരെ ആയിരങ്ങൾ അന്നംതേടി വണ്ടിയിറങ്ങിയിരുന്ന ആലുവ നഗരമധ്യത്തിലെ റെയിൽവേ സ്റ്റേഷനും ഗ്രാമങ്ങളിൽനിന്നും നഗരങ്ങളിലേക്ക് യാത്ര പോയിരുന്ന കെഎസ്ആർടിസി, പ്രൈവറ്റ് ബസ് സ്റ്റാൻഡുകളും ആളൊഴിഞ്ഞ പൂരപ്പറമ്പായി മാറിയിട്ട് ആഴ്ച്ചകൾ പിന്നിടുന്നു.
കോവിഡ് രോഗം അതിരുകടന്നപ്പോൾ അധികാരികൾ അടച്ചു പൂട്ടിയതാണ് ഈ സഞ്ചാരമാർഗങ്ങൾ. കൊച്ചിയുടെ അടയാളമായി ഓടിക്കൊണ്ടിരുന്ന മെട്രോ ട്രെയിനുകളും ഷെഡിൽ കയറിയിട്ട് നാല് മാസം പിന്നിടുകയാണ്. തീവണ്ടികളുടെ ചൂളംവിളികളും ബസുകളിലെ മണിയടി നാദവും ഇനി എന്ന് കേൾക്കാനാകുമെന്ന ആശങ്കയിലാണ് ആലുവക്കാർ.
ഉത്തരേന്ത്യയിൽ കോവിഡ് പകർന്നതോടെ ഇന്ത്യൻ റെയിൽരേ ബോർഡ് സർവീസുകൾ ഭാഗികമായി വെട്ടി ചുരുക്കിയിരുന്നു. രോഗം പിടിവിട്ടതോടെ ട്രെയിൻ മാർഗമുള്ള യാത്ര പലരും ഉപേക്ഷിച്ചു.
ഇതോടെ ആലുവയിൽ കൂകിപ്പാഞ്ഞെത്തിയിരുന്ന ട്രെയിനുകൾ ഇല്ലാതായി. റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടലിന്റെ വക്കിലുമായി. കൊച്ചി മെട്രോയും കോവിഡ് എത്തിയതോടെ സർവീസുകൾ നിർത്തലാക്കി. ലാഭത്തിലേക്കുള്ള പ്രയാണത്തിനിടയിലായിരുന്നു ഈ അനിശ്ചിതത്വം.
ഇതോടെ ആലുവയിൽനിന്നുമുള്ള എളുപ്പയാത്ര കഠിനമായി. മെട്രോ ഇനി എന്ന് ഓടി തുടങ്ങുമെന്നതിൽ തീരുമാനമായിട്ടില്ല. മെട്രോ പണിമുടക്കിയതോടെ അനുബന്ധ മേഖലകളിലും സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയിരിക്കുകയാണ്.
റെയിൽവേ സ്റ്റേഷന് മുഖാമുഖമാണ് കെഎസ്ആർടിസി സ്റ്റാൻഡ്. ഇവിടെനിന്നും ദീർഘദൂര ബസുകളും ലോക്കൽ ട്രിപ്പുകളും ഓപ്പറേറ്റ് ചെയ്തിരുന്നു. പ്രധാന സ്റ്റാൻഡ് എന്ന നിലയിൽ ലാഭകരത്തിലായിരുന്നു ആലുവ ഡിപ്പോയുടെ പ്രവർത്തനം.
എന്നാൽ ഇപ്പോൾ ബസിൽ കയറാൻ ആളില്ലാത്തതിനാൽ ഡിപ്പോ താൽക്കാലികമായി പ്രവർത്തനമില്ല. സ്വകാര്യ ബസുകളുടെ കാര്യത്തിൽ സ്ഥിതി മറിച്ചല്ല. കൊച്ചിയിലേക്കുള്ള സിറ്റി സർവീസുകളാണ് കുടുതലും നടത്തിയിരുന്നത്.
നഷ്ടം സഹിച്ച് ബസുകൾ നിരത്തിലിറക്കേണ്ടയെന്ന നിലപാടിലാണ് മുതലാളിമാർ. തൊഴിലാളികൾ കുടുംബം പട്ടിണിയാകാതിരിക്കാൻ മറ്റ് തൊഴിൽ മാർഗങ്ങൾ തേടി കഴിഞ്ഞു.