വടകര: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍വീസ് നടത്തുന്ന ആംബുലന്‍സുകള്‍ പലതും വന്‍തുക വാങ്ങുന്നതായി ആക്ഷേപം. കഴിഞ്ഞദിവസം ആന്ധ്രയില്‍ നിന്നു വന്ന ഏറാമല പഞ്ചായത്തിലെ ആള്‍ക്കാണ് വടകരയിലെ ആംബുലന്‍സില്‍ നിന്നു തിക്താനുഭവം ഉണ്ടായത്.
ആന്ധ്രയില്‍നിന്നു വടകര എത്തുന്നതിന് ചെലവായ പണത്തേക്കാള്‍ അധികമാണ് വടകരയില്‍നിന്നും എട്ട് കിലോമീറ്റര്‍ മാത്രമുള്ള ഓര്ക്കാട്ടേരിയിലെത്താന് വേണ്ടിവന്നതെന്ന് ഇയാള്‍ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് ഇയാള്‍ വടകരയില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ബസ് ഇറങ്ങുന്നത്.
വരുന്ന വിവരം നേരത്തെ ഏറാമല പഞ്ചായത്തിലെ അധികാരികളെ ധരിപ്പിച്ചപ്പോള്‍ വടകരയില്‍ നിന്നു വണ്ടി സംഘടിപ്പിച്ച് എത്താനാണ് പറഞ്ഞത്.
അതേസമയം വടകരയില്‍ വന്നിറങ്ങിയപ്പോള്‍ നഗരസഭ അധികാരികള്‍ ഇദ്ദേഹത്തോട് വടകരയിലെ ക്വാറന്റൈന് കേന്ദ്രത്തിലേക്ക് പോകാന്‍ ആംബുലന്‍സ് തയാറാക്കിയിട്ടുണ്ട് എന്നുപറഞ്ഞ് ആംബുലന്‍സില്‍ ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള എടോടിയിലെ ഹോട്ടലിലേക്ക് പറഞ്ഞയച്ചു.
ഇതിനായി ആംബുലന്‍സ് ഡ്രൈവര്‍ വാങ്ങിയത് അഞ്ഞൂറ് രൂപയാണ്. അവിടെയെത്തിയ ഉടനെ നഗരസഭ അധികാരികള്‍ ഇയാളെ വീണ്ടും വിളിച്ച് താങ്കള്‍ ഏറാമല പഞ്ചായത്തിലെ ക്വാറന്റൈന് കേന്ദ്രത്തിലാണ് പോകേണ്ടതാണെന്നും മാറിപ്പോയതാണെന്നും പറഞ്ഞു. അഞ്ചു മിനുട്ടിനകം ആദ്യം അവിടെ കൊണ്ടുവിട്ട ആംബുലന്‍സ് വീണ്ടുമെത്തി.
അതില്‍ ഓര്‍ക്കാട്ടേരി ടൗണിലെ എം.എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ക്വാറന്റൈന് കേന്ദ്രത്തിലെത്തി. എട്ടുകിലോമീറ്ററിന് അപ്പോള്‍ വീണ്ടും എഴുന്നൂറ് രൂപ വാങ്ങി. നേരത്തെ തന്റെ കയ്യില്‍നിന്ന് അഞ്ഞൂറ് രൂപ വാങ്ങിയല്ലോ പിന്നെ എന്തിനാണ് വീണ്ടും എഴുന്നൂറ് രൂപ എന്നുചോദിച്ചപ്പോള്‍ ക്ലീനിങ് ചാര്‍ജുണ്ട് എന്നു പറയുകയായിരുന്നു.
രണ്ടു ദിവസത്തെ യാത്രാക്ഷീണവും ഉറക്കുവുമെല്ലാം കാരണം തര്‍ക്കത്തിന് നില്‍ക്കാതെ പിന്മാറുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. എട്ടു കിലോമീറ്റര്‍ യാത്രയ്ക്ക് ആംബുലന്‍സ് ഈടാക്കിയത് മൊത്തം ആയിരത്തി ഇരുന്നൂറ് രൂപ. ആന്ധ്രയില്‍നിന്നു വടകരയെത്താന്‍ ഭക്ഷണമടക്കം ആകെ ചെലവായത് ആയിരം രൂപ മാത്രമാണെന്ന് ഇദ്ദേഹം പറഞ്ഞു.