കോവിഡ് ബാധിതരായ അമ്മമാര്‍ ജന്മം നല്കുന്ന കുഞ്ഞുങ്ങളുടെ ശരീരത്തില്‍ കൊറോണ വൈറസിനെതിരായ ആന്റിബോഡി കാണപ്പെടുന്നതായി പുതിയ പഠനം.
അതേസമയം അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് വൈറസ് വ്യാപിച്ചതായി തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് സിംഗപ്പൂരില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു.
വൈറസ് ബാധിതരായ ഗര്‍ഭിണികള്‍ക്ക് മറ്റ് ആളുകളെ അപേക്ഷിച്ച് പ്രത്യേകമായ രോഗ സങ്കീര്‍ണതകളൊന്നും കൂടുതല്‍ ഉണ്ടാകില്ലെന്നും 16 ഗര്‍ഭിണികളില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടി.
പ്രസവത്തോട് അടുപ്പിച്ച സമയത്ത് കോവിഡ് ബാധിതരായ അമ്മമാരുടെ കുഞ്ഞുങ്ങളില്‍ ആന്റിബോഡി തോത് അല്പം ഉയര്‍ന്നിരുന്നതായും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. പഠനത്തിന്റെ ഭാഗമായ ഗര്‍ഭിണികളില്‍ പലര്‍ക്കും തീവ്രമല്ലാത്ത കോവിഡ് ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്.
അല്‍പ്പമെങ്കിലും സങ്കീര്‍ണതകള്‍ കാണപ്പെട്ടതാവട്ടെ അമിതഭാരമുള്ളവരിലും പ്രായക്കൂടുതലുള്ളവരിലും മാത്രവും. ഇവരെല്ലാം പൂര്‍ണമായും രോഗമുക്തി നേടിയെന്ന് പഠനത്തില്‍ പറയുന്നു.
പക്ഷെ രണ്ട് പേര്‍ക്ക് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടു. ഇതില്‍ ഒരാള്‍ക്ക് വൈറസ് ഉണ്ടാക്കിയ സങ്കീര്‍ണത മൂലമാകാം കുഞ്ഞിനെ നഷ്ടപ്പെട്ടതെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
ഗര്‍ഭകാലത്തോ പ്രസവ ശേഷമോ അമ്മമാരില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് കോവിഡ് പകരുമോ എന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയും കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ല.
സിംഗപ്പൂരില്‍ നടത്തിയ പഠനത്തിന്റെ ഫലം പ്രസിദ്ധീകരിക്കുന്ന സമയമായപ്പോള്‍ പ്രസവിച്ച അഞ്ച് സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ആന്റിബോഡികള്‍ കാണപ്പെട്ടു. കുട്ടികള്‍ കോവിഡ് ബാധിതരായിരുന്നില്ല.
അതേസമയം അമ്മയില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് കൈമാറപ്പെടുന്ന ആന്റിബോഡികള്‍ എത്രമാത്രം സംരക്ഷണം നല്‍കുമെന്ന് കണ്ടെത്തിയിട്ടില്ല. ഇവ എത്ര കാലം നീണ്ടുനില്‍ക്കുമെന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. എന്തായാലും പ്രതീക്ഷയേകുന്നതാണ് പുതിയ പഠനവിവരങ്ങള്‍.