സെബി മാത്യു
ന്യൂഡൽഹി: രാജ്യത്തെ കടുത്ത ആശങ്കയിലാഴ്ത്തി കോവിഡ് വ്യാപനനിരക്കിൽ വൻ വർധന.
ഫെബ്രുവരി മുതൽ രാജ്യത്തുണ്ടാകുന്ന പ്രതിദിന കോവിഡ് കേസുകളുടെ വർധന കണക്കിലെടുത്താൽ രണ്ടാം തരംഗത്തിന്റെ സൂചനയാണു കാണുന്നതെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ പഠനത്തിൽ പറയു ന്നു.
ഏപ്രിൽ 15 മുതൽ രണ്ടാം തരംഗമുണ്ടായേക്കുമെന്നും അതു നൂറു ദിവസത്തോളം നീണ്ടു നിന്നേക്കാമെന്നും എസ്ബിഐയുടെ 28 പേജുള്ള റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു.
ലോക്ക്ഡൗണും മറ്റു നിയന്ത്രണങ്ങളും വൈറസ് വ്യാപനത്തെ കാര്യമായി തടഞ്ഞുനിർത്തിയിട്ടില്ല. വാക്സിനേഷൻ നൽകുന്നതിന്റെ തോത് ഇരട്ടിപ്പിക്കുന്നതുവഴി മാത്രമേ വൈറസിനെ ചെറുക്കാനാകൂ.
ലോക്ക്ഡൗണ് മൂലം വ്യവസായ രംഗത്ത് ഉണ്ടായിരിക്കുന്ന ഇടിവ് അടുത്ത മാസം മുതൽ പ്രകടമാകും. പ്രതിദിന വാക്സിൻ വിതരണം 34 ലക്ഷം എന്നതിൽനിന്ന് 40-45 ലക്ഷം ആക്കണം.
45 വയസിനു മുകളിലുള്ളവർക്ക് നാലു മാസത്തിനുള്ളിൽ വാക്സിൻ വിതരണം പൂർത്തിയാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
കോവിഡ് വ്യാപനത്തിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന കണക്കുകളാണു രണ്ടു ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ഒരുലക്ഷത്തിലധികം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച 53,476 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,17,87,534 ആയി ഉയർന്നു.
രാജ്യത്തെ കോവിഡ് വ്യാപന നിരക്ക് കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് വൻതോതിലുള്ള വാക്സിൻ കയറ്റുമതിക്ക് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തി.
വിദേശകാര്യ മന്ത്രാലയത്തിൽനിന്നുള്ള വിവരമനുസരിച്ച് വ്യാഴാഴ്ച മുതൽ വാക്സിൻ കയറ്റുമതി നടത്തുന്നില്ല.
രാജ്യത്ത് കോവിഡ് വാക്സിനേഷൻ ഊർജിതമാക്കുന്നതിന്റെ ഭാഗമായിട്ടാണിതെന്നാണ് വിശദീകരണം. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സിനാണു നിയന്ത്രണം ഏർപ്പെടുത്തിയത്.
ജനിതക മാറ്റം വന്ന വിവിധ വൈറസുകൾ വിവിധ സംസ്ഥാനങ്ങളിൽ കണ്ടെത്തിയതിനു പുറമേ ഇരട്ടപ്രഹരശേഷിയുള്ള, ജനിതക മാറ്റം വന്ന വൈറസുകളും പല സംസ്ഥാനങ്ങളിലും കണ്ടെത്തിയതായി കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
കേരളം, പഞ്ചാബ്, കർണാടക, ഛത്തീസ്ഗഡ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണു പ്രതിദിന കോവിഡ് നിരക്ക് കുതിച്ചുയരുന്നത്.
ഇന്നലെ വൈകുന്നേരം വരെ 24 മണിക്കൂറിനുള്ളിൽ രാജ്യത്തെ 80.63 ശതമാനം കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തത് ഈ ആറു സംസ്ഥാനങ്ങളിൽ നിന്നാണ്.
രാജ്യത്തെ മൊത്തം ആക്ടീവ് കോവിഡ് കേസുകളിൽ 74.32 ശതമാനവും കേരളം, മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളിൽ ആണെന്നും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
എന്നാൽ, ഇന്നലെ 24 മണിക്കൂറിനുള്ളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ 14 സംസ്ഥാനങ്ങളിൽ ഒരു കോവിഡ് മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.