കോട്ടയം: കോട്ടയം ജില്ലയിൽ ഇന്നലെ ഏഴു പേർക്കു കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആശങ്കയേറി. ഏഴു പേർക്കു രോഗം ഭേദമാവുകയും ചെയ്തു. രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു പേർ വിദേശത്തുനിന്നും മൂന്നു പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. ഒരാൾക്ക് സന്പർക്കം മുഖേനയാണ് വൈറസ് ബാധയുണ്ടായത്.
ഹൈദരാബാദിൽനിന്ന് ഒന്പതിന് എത്തി പാലായിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കുറവിലങ്ങാട് സ്വദേശിനി(24), കുവൈറ്റിൽനിന്നും 13ന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി(50),
കുവൈറ്റിൽനിന്നും 13ന് എത്തി കോട്ടയം ഗാന്ധിനഗറിലെ ക്വാറന്റൈനിൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി(46), ഡൽഹിയിൽനിന്നും വിമാനത്തിൽ 16ന് എത്തി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൈക്കം സ്വദേശി(54),
തെലുങ്കാനയിൽനിന്നും ഭാര്യക്കും രണ്ടു കുട്ടികൾക്കുമൊപ്പം 13നു വിമാനത്തിൽ എത്തി കുമരകത്തെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി(33), കുവൈറ്റിൽനിന്നും 18ന് എത്തിച്ചേർന്ന ചങ്ങനാശേരി സ്വദേശി(30), രോഗം സ്ഥിരീകരിച്ച മാടപ്പള്ളി സ്വദേശിയുടെ ഭാര്യ(48) എന്നിവർക്കാണ് ഇന്നലെ വൈറസ് സ്ഥിരീകരിച്ചത്.
ഇതിൽ ചങ്ങനാശേരി സ്വദേശിയെ വിമാനത്താവളത്തിൽ എത്തിയപ്പോൾ ശ്വാസ തടസം അനുഭവപ്പെട്ടതിനെത്തുടർന്ന് എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മാടപ്പള്ളി സ്വദേശിയുടെ ഭാര്യക്കു സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കോവിഡ് മുക്തരായ ഏഴു പേർ ഇന്നലെ ആശുപത്രി വിട്ടു.
മുംബൈയിൽനിന്ന് മേയ് 21ന് എത്തിയ കുറുന്പനാടം സ്വദേശി(37), ദോഹയിൽനിന്ന് മേയ് 30ന് എത്തിയ കറുകച്ചാൽ സ്വദേശിനി(30), താജിക്കിസ്ഥാനിൽനിന്ന് മേയ് 28ന് എത്തിയ തലയോലപ്പറന്പ് സ്വദേശിനി (19),
മുംബൈയിൽ മേയ് 27ന് എത്തിയ അതിരന്പുഴ സ്വദേശി(24), ബംഗളൂരുവിൽ നിന്ന് മേയ് 18ന് എത്തിയ മീനടം സ്വദേശിനി(23), ദുബായിൽ നിന്ന് മേയ് 11ന് എത്തിയ തൃക്കൊടിത്താനം സ്വദേശി, മേയ്
18ന് മഹാരാഷ്ട്രയിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം പാറശാല സ്വദേശി എന്നിവരാണ് രോഗം ഭേതമായതിനെത്തുടർന്ന് ഇന്നലെ ആശുപത്രി വിട്ടത്.
ഇതോടെ ജില്ലക്കാരായ 69 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 41 പേർ കോട്ടയം ജനറൽ ആശുപത്രിയിലും 24 പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മൂന്നു പേർ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലുമാണ് കഴിയുന്നത്.
കോട്ടയം: ജില്ലയിൽ ഇനി ലഭിക്കാനുള്ളതു 904 പേരുടെ സ്രവ സാംപിൾ പരിശോധന ഫലങ്ങൾ. ഇന്നലെ 243 പേരുടെ സ്രവ സാംപിളാണ് പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. ഇന്നലെ ലഭിച്ച 247 പേരുടെ പരിശോധന ഫലത്തിൽ നിന്നുമാണ് ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ബാക്കിയുള്ള 240 പേരുടെ ഫലങ്ങൾ നെഗറ്റീവാണ്. ഇന്നലെ പുതുതായി 396 പേർക്ക് ഹോം ക്വാറന്റൈൻ നിർദേശിച്ചത്. ഇതിൽ നിന്നു 242 പേർ ഇതര സംസ്ഥാനത്ത് നിന്നും 154 പേർ വിദേശ രാജ്യത്തു നിന്നും കോട്ടയം ജില്ലയിൽ എത്തിയവരാണ്.
ജില്ലയിലാകെ 7722 പേരാണ് ഹോം ക്വാറനന്റൈനിൽ കഴിയുന്നത്. 7626 പേരാണ് ജില്ലയിലാകെ സ്രവ സാംപിൾ പരിശോധനകൾക്കു വിധേയമായിരിക്കുന്നത്.