ശാസ്താംകോട്ട: ഒരാഴ്ചത്തെ ഗൃഹചികിത്സയിൽ കോവിഡിനെ തോൽപ്പിച്ച് ഒരു വയസുകാരൻ. 15 മാസം മാസം പ്രായമുള്ള കുന്നത്തൂർ സ്വദേശിയായ ആൽബിനാണ് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞമാസം 27 മുതൽ ഗൃഹചികിത്സ ആരംഭിച്ചത്. ആൽബിന്റെ വല്യമ്മ മിനിമോൾക്കാണ് ആദ്യമായി കോവിഡ് പോസിറ്റീവ് ആയത്.
പിന്നീട് ഇവരുടെ ഭർത്താവ് സൈമൺ, കുട്ടിയുടെ മാതാപിതാക്കളായ സുനു സൈമൺ, ലാലി എന്നിവർക്കും കോവിഡ് പോസിറ്റീവ് ആകുകയായിരുന്നു.
ഇവരെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും മിനിമോൾ ഒഴികെ ഉള്ളവരെ പ്രകടമായ മറ്റ് രോഗലക്ഷണളില്ലാത്തതിനാൽ ഗൃഹനിരീക്ഷണത്തിൽ ചികിത്സ നൽകാൻ തീരുമാനിയ്ക്കുകയായിരുന്നു.
കുന്നത്തൂർ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഷാഫിയുടെ മേൽനോട്ടത്തിൽ, ജെ പി എച്ച് എൻ അമ്പിളി, വാർഡ് മെമ്പർ ഷീജാ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ക്ലസ്റ്റർ ഗ്രൂപ്പ് അംഗങ്ങൾ ഇവർക്ക് ആവശ്യമായ മരുന്നും പൾസ് ഓക്സി മീറ്റർ ഉൾപ്പടെയുള്ള മെഡിക്കൽ ഉപകരണങ്ങളും മറ്റും വീട്ടിലെത്തിച്ച് നൽകുകയായിരുന്നു.
കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ ടെസ്റ്റിൽ ആൽബിൻ ഉൾപ്പടെയുള്ളവരുടെ കോവിഡ് ഫലം നെഗറ്റീവ് ആയി. ഓരോ ദിവസവും കോവിഡ് വർധിച്ച് വരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ കൃത്യമായ
മേൽനോട്ടത്തിലൂടെയുള്ള ഗൃഹചികിത്സയിൽ ഒരു വയസുകാരൻ ഉൾപ്പടെയുള്ളവർക്ക് രോഗമുക്തിയുണ്ടാക്കുവാൻ സാധിച്ചത് പ്രതീക്ഷയും ആശ്വാസവും നൽകുന്നതാണെന്ന് മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഷാഫി പറഞ്ഞു.