ഗാന്ധിനഗർ: കോവിഡ്-19 വൈറസ് ബാധിച്ചു ചികിത്സയിൽ കഴിയുന്ന രണ്ടു വയസുകാരന് ഛർദിയും വയറിളക്കവും. രോഗബാധിതയായ ഉഴവൂർ സ്വദേശിനി 29 കാരിയുടെ മകൻ രണ്ടു വയസുകാരനാണ് അസുഖം പിടിപെട്ടത്.
ഇന്നലെ രാത്രിയിൽ ഏഴ് തവണ ഛർദിച്ചു. തുടർന്ന് ഒആർഎസ് ലായനി കൊടുത്തു. പുലർച്ചെ നാലിനു വിശപ്പിനെത്തുടർന്ന് കരഞ്ഞ് ബഹളം വച്ചു. തുടർന്നു ഡ്യുട്ടി ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപ്പും പഞ്ചസാരയും ചേർത്ത് നൽകി.
ഇതു കൊടുത്തശേഷവും കുട്ടിക്ക് വയറിളക്കം ഉണ്ടായി. പിന്നീട് ഛർദിയും വയറിളക്കത്തിനുമുള്ള മരുന്ന് നൽകുകയായിരുന്നു. രാവിലെ ഡോക്ടർമാർ എത്തി വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കി.
കുട്ടിക്ക് നൽകുന്ന ഭക്ഷണത്തിലുണ്ടായ വ്യത്യാസമാണ് ഛർദിക്കും വയറിളക്കത്തിനും കാരണമെന്നും അതിനാൽ ഭക്ഷണം കൊടുക്കുന്ന കാര്യത്തിൽ ചില നിയന്ത്രണങ്ങൾ പാലിക്കാൻ നിർദേശം നൽകുമെന്ന് കുട്ടികളുടെ ആശുപത്രി ആർഎംഒ ഡോ. ജയപ്രകാശ് പറഞ്ഞു.
അതേസമയം കുട്ടിയുടെ രോഗബാധിതയായ 29 കാരിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവർ ഏഴ് മാസം ഗർഭിണിയായതിനാൽ സഹായത്തിനായി മാതാവിനെ കൂടെ നിർത്താൻ അധികൃതർ അനുമതി നൽകിയിരുന്നു.
യുവതിയുടെ മാതാവും പിപിഇ കിറ്റ് ധരിച്ചാണ് ഇവരെ പരിചരിക്കുന്നത്. കുസൃതി കാട്ടുന്ന പ്രായമായതിനാൽ കുട്ടിയെ അമ്മയിൽ നിന്ന് മാറ്റി നിർത്താൻ വളരെ ബുദ്ധിമുട്ടാണ്. കുട്ടിയുടെ പിതാവ് ഇപ്പോഴും കുവൈറ്റിൽതന്നെയാണ്. നാട്ടിൽ എത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.