നിലന്പൂർ: ലോകമെന്പാടും മഹാമാരിയായി പടർന്നു പിടിച്ച കൊറോണ വൈറസിനെ തുരത്താൻ ചിത്രങ്ങളുമായി നാലാം ക്ലാസുകാരന്റെ ബോധവത്കരണം ശ്രദ്ധേയമാകുന്നു. എടവണ്ണ ചാത്തലൂർ സിവിഎൻഎംഎഎംഎൽപി സ്കൂളിലെ നാലാം ക്ലാസുകാരനായ യദു പി.മഹേഷാണ് ചിത്രംവരച്ച് കൊറോണക്കെതിരെ ബോധവത്കരണം നടത്തുന്നത്.
ദൈവം കനിഞ്ഞ് നൽകിയ കഴിവു കൊണ്ട് തനിക്ക് എന്തു ചെയ്യാൻ കഴിയുമെന്നായിരുന്നു യദുവിന്റെ ചിന്ത. ഇന്ന് കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങളെ ഒട്ടും അന്തഃസത്ത ചോർന്നു പോവാതെ കുഞ്ഞു കൈകളിൽ ബ്രഷും ചായക്കൂട്ടുമായി അവൻ ബോധവത്കരണമാരംഭിച്ചു.
ചിലന്തിവലയിൽ കുടുങ്ങി പോയ ഒരു പ്രാണിയുടെ അവസ്ഥയാണ് ഇപ്പോൾ കൊറോണക്കുള്ളതെന്ന് ചിത്രീകരിച്ചിരിക്കുകയാണ് യദു. മാസ്ക് ധരിച്ചും ഹാൻഡ് വാഷ് ഉപയോഗിച്ചുമാണ് നമ്മൾ കൊറോണയെ ചിലന്തിവലയിൽ കുടുക്കിയിരിക്കുന്നത്.
യദുവിന്റെ സഹായിയായി അനിയൻ വിദു പി.മഹേഷും കൂടെയുണ്ട്. എഴുതിയോ പറഞ്ഞോ ബോധവത്കരിക്കാനുള്ള പ്രായമായില്ല ഈ കലാകാരന്. എന്നാൽ പ്രായത്തെ വെല്ലുന്ന കഴിവു കൊണ്ട് പ്രതിരോധിക്കാൻ തന്നെയായിരുന്നു യദുവിന്റെ തീരുമാനം.
ആളുകൾ പോലീസ് നിർദ്ദേശം പാലിക്കാതെ കൂട്ടമായി പുറത്തിറങ്ങിയാൽ കൊറോണ പകരും എന്നും പോലീസിന്റെയും ആരോഗ്യവകുപ്പിന്റെ പ്രതീകമായ നഴ്സിന്റേയും കൈകളിലാണ് കേരളമെന്നും ഹാൻഡ് വാഷും മാസ്കും പ്രയോഗിച്ചാൽ കൊറോണയെ തുരത്താമെന്നുമൊക്കെയുള്ള അർഥവും ആശയവും ഉൾക്കൊണ്ട നിരവധി ചിത്രങ്ങൾ ലോക് ഡൗണ് സമയത്ത് യദു വരച്ചു കഴിഞ്ഞു.
ചിത്രരചനയിൽ നിരവധി സമ്മാനങ്ങളും യദുവിനെ തേടിയെത്തിയിട്ടുണ്ട്. മഹാത്മജി പുരസ്കാരം, സാംസ്കാരിക സാഹിതി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ലഹരിക്കെതിരെയുള്ള ചിത്രപ്രദർശനവും ഈ കൊച്ചു കലാകാരൻ നടത്തിയിട്ടുണ്ട്.
അച്ഛൻ പൂർണ പിന്തുണയുമായി കൂടെയുണ്ട്. എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശിയും സാമുഹിക പ്രവർത്തകനും ചിത്രകാരനും കഐസ്ഇബി അകന്പാടം ജീവനക്കാരുമായ മഹേഷ് ചിത്രവർണം-ഭവിത ദന്പതികളുടെ മകനാണ് യദു പി.മഹേഷ്. അനിയൻ വിധു പി.മഹേഷ്, അനിയത്തി വേദിക.