കൊല്ലം: ജില്ലാ ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നൽകിയ സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. കിളികൊല്ലൂർ കന്നിമേൽചേരി കണിയാംപറമ്പിൽ ശ്രീനിവാസന്റെ (75) മൃതദേഹമാണ് മാറി നൽകിയത്.
കൊല്ലം കച്ചേരി പൂത്താലിൽ വീട്ടിൽ സുകുമാരന്റെ (78) ബന്ധുക്കളാണ് മൃതദേഹം കൊണ്ടുപോയി സംസ്കരിച്ചത്. കോവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിലായിരുന്ന ശ്രീനിവാസൻ ആരോഗ്യ സ്ഥിതി വഷളായതോടെ ബുധനാഴ്ച വൈകുന്നേരം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് മരിച്ചത്.
പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെയാണ് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാനെത്തിയത്. രജിസ്റ്ററിലെ ടോക്കൺ നമ്പർ അനുസരിച്ച് ശ്രിനിവാസന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസർ പരിശോധിച്ചപ്പോൾ കാലിയായിരുന്നു.
സുകുമാരന്റെ മൃതദേഹം അധികമായും കണ്ടെത്തി. മൃതദേഹം മാറി നൽകിയെന്ന് സ്ഥിരീകരിച്ചതോടെ അധികൃതർ ഉടൻ സുകുമാരന്റെ ബന്ധുക്കളെ ബന്ധപ്പെട്ടെങ്കിലും മുളങ്കാടകം ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചിരുന്നു.
ശരിയായ തിരിച്ചറിയല്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് മൃതദേഹം വിട്ടുകൊടുക്കുന്നതെന്ന് ആരോപിച്ച് എൻ.കെ പ്രേമചന്ദ്രൻ എംപി, ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയടക്കം നേതാക്കൾ രംഗത്തെത്തി.