അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ ശരീരത്തിൽനിന്ന് നഷ്ടമായ സ്വർണാഭരണം പോലിസ് അന്വേഷണം ആരംഭിച്ചപ്പോൾ ആശുപത്രി ലോക്കറിൽ കണ്ടെത്തിയതിൽ ദുരൂഹത ബാക്കി നിൽക്കുന്നു.
സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട രോഗിയുടെ ബന്ധുക്കളും ആശുപത്രി സൂപ്രണ്ടും അമ്പലപ്പുഴ പോലിസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് അന്വേഷണം ആരംഭിച്ചത്.രണ്ടു കുടുബത്തിന്റെ എട്ടര പവൻ സ്വർണാഭരണങ്ങളാണ് നഷ്ടമായത്.
സംഭവം നടന്ന് ആഴ്ചകൾക്കു ശേഷമാണ് സിഐയുടെ നേതൃത്തിലുള്ള പോലിസ് സംഘം പിപിഇ കിറ്റ് ധരിച്ചു ആശുപത്രിയിലെത്തി ജീവനക്കാരെ ചോദ്യം ചെയ്തത്. ശുചീകരണ തൊഴിലാളികളെയും നഴ്സുമാരെയുമടക്കം നൂറോളം പേരെ ചോദ്യം ചെയ്തിരുന്നു.
സംശയമുള്ളവരെ പോലിസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നിരിക്കെയാണ് സ്വർണാഭരണം ലോക്കറിൽ കണ്ടെത്തിയെന്ന് പറയുന്നത്.അങ്ങനെയെങ്കിൽ ലോക്കറിന്റെ ചാർജുള്ളവർ എന്തുകൊണ്ട് ഈ വിവരം മൃതദേഹം കൈമാറുന്ന സമയത്ത് മരിച്ചയാളുടെ ബന്ധുക്കളെ അറിയിച്ചില്ലെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.
ആശുപത്രിയുടെ മേലധികാരികളെ ലോക്കർ സൂക്ഷിപ്പുകാർ വിവരം ധരിപ്പിച്ചിരുന്നോ, എങ്കിൽ ബന്ധുക്കൾ പരാതിയുമായി പോലിസിൽ പോകുമായിരുന്നോ തുടങ്ങിയ ചോദ്യങ്ങളാണ് ദുരൂഹത ബലപ്പെടുത്തത്.കോവിഡ് മരണത്തിന്റെ തുടക്കം മുതൽ മൃതദേഹത്തിൽ മൂന്നു കവറിംഗ് നടത്തിയാണ് ബന്ധുക്കൾക്ക് കൈമാറുന്നത്.
യാതൊരു കാരണവശാലും മുഖം പോലും കാണാൻ പറ്റാത്ത രീതിയിലാണ് പായ്ക്ക് ചെയ്യുന്നത്. ബന്ധുക്കൾക്കു വിട്ടു കൊടുക്കുന്ന മ്യതദേഹം ഉടൻ സംസ്കരിക്കുകയാണ് ചെയ്യുന്നത്. ഈ സമയം ചെറിയ തൂക്കം വരുന്ന ആഭരണങ്ങൾ ആണെങ്കിൽ മൃതദേഹത്തോടൊപ്പം കത്തിയമർന്നതായിരിക്കുമെന്നു കരുതി പലപ്പോഴും ബന്ധുക്കൾ ശ്രദ്ധിക്കാറില്ല.
എന്നാൽ കഴിഞ്ഞ ദിവസം മരിച്ച സ്ത്രീകളുടെ ശരീരത്തിൽ മാല, വള, കമ്മൽ അടക്കം വിലപിടിപ്പുള്ള ആഭരണങ്ങൾ ഉണ്ടായതാണ് പരാതി കൊടുക്കാൻ ബന്ധുക്കളെ പ്രേരിപ്പിച്ചത്. ഈ സംഭവുമായി ബന്ധപ്പെട്ടു ദുരൂഹത മാറ്റണമെന്നാവശ്യം ശക്തമായിരിക്കുകയാണ്. അതേസമയം സംഭവം ഒതുക്കി തീർക്കാനുള്ള ശ്രമവും ചില സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. കള്ളൻ കപ്പലിൽ തന്നെയാണെന്നാണ് സംസാരം.
കോവിഡ് രോഗികളുടെ ആഭരണങ്ങൾ പ്രവേശനസമയത്ത് കൂട്ടിരിപ്പുകാർക്ക് കൈമാറും
ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് പ്രവേശിപ്പിക്കുന്ന രോഗികളുടെ ആഭരണങ്ങൾ രോഗിക്കൊപ്പമുള്ള ബന്ധുക്കളായ കൂട്ടിരിപ്പുകാരെ ഏൽപ്പിക്കാനും ഇക്കാര്യം രജിസ്റ്ററിൽ രേഖപ്പെടുത്താനും തീരുമാനം.
മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി എച്ച്. സലാം എംഎൽഎയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ കൂടിയ ഉദ്യോഗസ്ഥ തല യോഗത്തിലാണ് തീരുമാനം.
കൂട്ടിരിപ്പുകാരെ ആഭരണങ്ങളും മറ്റും ഏൽപ്പിച്ചശേഷം ട്രയാജിലെ എൻട്രി രജിസ്റ്ററിൽ രേഖപ്പെടുത്തും. രോഗിക്കൊപ്പം കൂട്ടിരിപ്പുകാർ ഇല്ലെങ്കിൽ ആഭരണങ്ങളും മറ്റും പ്രോപ്പർട്ടി രജിസ്റ്ററിൽ ചേർത്ത് സൂക്ഷിച്ച് ബന്ധുക്കൾക്ക് നൽകും.
കോവിഡ് ഐസിയുവിൽ പ്രവേശിപ്പിച്ചാൽ മൊബൈൽ ഫോണും ആഭരണങ്ങളും അനുവദിക്കില്ല. ഐസിയുവിൽ രോഗിയുടെ കൂട്ടിരിപ്പുകാരെ അനുവദിക്കില്ല.
കോവിഡ് രോഗബാധിതരായി മരിക്കുന്നവരുടെ മൃതദേഹം വിട്ടുകിട്ടുന്നതിനായി ബന്ധുക്കൾ തിരിച്ചറിയൽ രേഖ ഡിജിറ്റലായി നൽകിയാൽ മതിയെന്നും യോഗം തീരുമാനിച്ചു.