ന്യൂഡൽഹി: അഫ്ഗാൻ ദൗത്യത്തിന്റെ ഭാഗമായി താജിക്കിസ്ഥാനിൽനിന്നും ചൊവ്വാഴ്ച ഡൽഹിയിലെത്തിച്ച 78 പേരുടെ സംഘത്തിൽ 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ എല്ലാവരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച ആർക്കും രോഗലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു.
മലയാളി കന്യാസ്ത്രീ സിസ്റ്റർ തെരേസ് ക്രാസ്റ്റ ഉൾപ്പെടുന്ന സംഘമാണ് ചൊവ്വാഴ്ച ഡൽഹിയിലെത്തിയത്.
സിസ്റ്റർ തെരേസയ്ക്കു പുറമേ മിഷണറീസ് ഓഫ് ചാരിറ്റിയുടെ എട്ടു കന്യാസ്ത്രീകളുൾപ്പെടെ 25 ഇന്ത്യക്കാരാണ് എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ രണ്ടുപേർ കർണാടക സ്വദേശികളാണ്.
കോവിഡ് പരിശോധന ഉൾപ്പടെയുള്ള നടപടിക്രമങ്ങൾക്കുശേഷം ഏറെ വൈകിയാണ് ഇവർ വിമാനത്താവളത്തിന് പുറത്തേക്കിറങ്ങിയത്.
അഫ്ഗാനിസ്ഥാനിലെ സിക്ക് വിഭാഗത്തിൽ നിന്നുള്ള 44 പേരും ഇവരോടൊപ്പം ഉണ്ടായിരുന്നു.
അഫ്ഗാനിൽ നിന്നെത്തിച്ച ഗുരുഗ്രന്ഥ സാഹിബിന്റെ മൂന്നു പകർപ്പുകൾ (സ്വരൂപ്) കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിംഗ് പുരിയും വി. മുരളീധരനും വിമാനത്താവളത്തിൽ എത്തി ഏറ്റുവാങ്ങിയിരുന്നു.
മന്ത്രിമാർ ശിരസിലേറ്റിയാണ് ഗുരുഗ്രന്ഥ സാഹിബ് വിമാനത്താവളത്തിന് പുറത്തെത്തിച്ചത്. തുടർന്ന് സിക്ക് വിശുദ്ധ ഗ്രന്ഥം മഹാവീർ നഗറിലെ ഗുരുദ്വാരയിലേക്കു കൊണ്ടു പോയി.