തലശേരി: കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പ്രവാസി ആശുപത്രി വാര്‍ഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വാര്‍ഡിനു പുറത്തേക്കിറങ്ങുകയും ചെയ്തത് പരിഭ്രാന്തി പരത്തി.
തലശേരി ജനറല്‍ ആശുപത്രിയില്‍ ഇന്നലെ രാവിലെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അബുദാബിയില്‍ നിന്നും എത്തിയ കരിവെള്ളൂര്‍ സ്വദേശിയായ യുവാവാണ് മണിക്കൂറുകളോളം ആരോഗ്യ പ്രവര്‍ത്തകരേയും പോലീസിനേയും വട്ടം കറക്കിയത്.
വിമാനത്താവളത്തില്‍ നടത്തിയ ആന്റി ബോഡി ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡിലേക്ക് യുവാവിനെ മാറ്റിയത്.
വാര്‍ഡിനുള്ളില്‍ ബഹളം വെച്ച യുവാവ് വാര്‍ഡിന് പുറത്തേക്ക് ഓടുകയായിരുന്നു. ഈ സമയം ഡ്യൂട്ടിയില്‍ വനിതാ ജീവനക്കാര്‍ മാത്രമാണുണ്ടായിരുന്നത്. വിവരം അറിഞ്ഞ് പോലീസും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരും സ്ഥലത്തെത്തി.
തന്ത്രപൂർവം യുവാവിനെ വാര്‍ഡില്‍ കയറ്റി ഗ്രില്‍സ് പൂട്ടിയെങ്കിലും ഗ്രില്‍സ് പൊളിച്ച് യുവാവ് വീണ്ടും പുറത്തിറങ്ങുകയായിരുന്നു. പിന്നീട് പോലീസും ആരോഗ്യ പ്രവര്‍ത്തകരും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് യുവാവിനെ വാര്‍ഡില്‍ ബലമായി കയറ്റുകയും വാര്‍ഡ് കൂടുതല്‍ സുരക്ഷയോടെ പൂട്ടിയിടുകയും ചെയ്തു.
ഇതിനിടയില്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കരിവെള്ളൂരില്‍ നിന്നും യുവാവിന്റെ ബന്ധുക്കളുമെത്തി. യുവാവിന്റെ സ്രവ പരിശോധന ഫലം ഇന്ന് ലഭിക്കും. തുടര്‍ന്ന് മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.