കരുനാഗപ്പള്ളി : മണിക്കൂറുകൾക്കിടയിൽ കോവിഡ് ബാധിച്ചു മരിച്ച മൂന്നു പേരുടെ സംസ്കാര ചടങ്ങുകൾ ഏറ്റെടുത്തും കോവിഡ് രോഗബാധിതയായ യുവതിയെ ആംബുലൻസിൽ പി എസ് സി പരീക്ഷ എഴുതിക്കാനെത്തിച്ചും പാലിയേറ്റീവ് പ്രവർത്തകരുടെ വേറിട്ട മാതൃക.
കരുനാഗപ്പള്ളി ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തകരുടെ സന്നദ്ധ പ്രവർത്തനമാണ് നാടിന് മാതൃകയാവുന്നത്. കഴിഞ്ഞ ദിവസം കോ വിഡ് ബാധിച്ച് മരണമടഞ്ഞ കല്ലേലിഭാഗം അനിൽ ഭവനത്തിൽ ഭാസ്കരന്റെ സംസ്കാര ചടങ്ങുകൾ ഡി വൈഎഫ്ഐ പ്രവർത്തകരും പാലിയേറ്റീവ് വാളന്റിയർമാരുമായ ടി.ആർ ശ്രീനാഥ്, എസ്. സന്ദീപ് ലാൽ, ഷാഹിർ, ലാലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു.
ചവറ സ്വദേശി കുഞ്ഞിക്കുട്ടിയുടെ സംസ്കാരവും വാളന്റിയർമാരായ, ഇന്ദുരാജ്, അയ്യപ്പൻ, കിരൺ, സജീഷ് എന്നിവരാണ് നടത്തിയത്.ഞായറാഴ്ച കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് 16-ാം വാർഡിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട വരമ്പത്തേരിൽ പടീറ്റതിൽ, ചെല്ലമ്മയുടെ മൃതദേഹവും പാലിയേറ്റീവ് വാളണ്ടിയേഴ്സായ അയ്യപ്പൻ, അജിനാസ്, സൈജു, രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സംസ്കരിച്ചത്.
കോവിഡ് ബാധിച്ച കരുനാഗപ്പള്ളി എസ് വി മാർക്കറ്റ് ക്കാലയിൽ നീതുമോൾക്ക് പി എസ് സി യുടെ ഞായറാഴ്ച നടന്ന പ്രിലിമിനറി പരീക്ഷ എഴുതുന്നതിനും പാലിയേറ്റീവ് സൊസൈറ്റി സഹായം നൽകി. കരുനാഗപ്പള്ളി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരീക്ഷയ്ക്ക് സൊസൈറ്റി ആംബുലൻസിൽവാളന്റിയറായ കിരൺ സ്കൂളിലെത്തിക്കുകയായിരുന്നു.
ആംബുലൻസിലിരന്നാണ് നീതു പരീക്ഷ എഴുതിയത്. സൊസൈറ്റി സെക്രട്ടറിയും നഗരസഭാ ചെയർമാനുമായ കോട്ടയിൽ രാജു, പ്രസിഡന്റ്് കെ ജി ശിവപ്രസാദ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 85 കോവിഡ് ബാധിതരുടെ മൃതദേഹമാണ് സൊസൈറ്റി പ്രവർത്തകർ സംസ്കരിച്ചത്.