ഏറ്റുമാനൂർ: കോവിഡെന്ന സംശയത്തെത്തുടർന്ന് ഇതരസംസ്ഥാന കച്ചവടക്കാരനെ റോഡിൽ ഇറക്കി വിട്ടതു കോട്ടയം ജില്ല ആശൂപത്രിയിൽ നിന്നു കൃത്യമായ അറിയിപ്പ് ലഭിക്കാത്തതിനാലാണെന്ന് ഏറ്റുമാനൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം അധികൃതർ.
പനിയെതുടർന്നു കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഇതരസംസ്ഥാന വഴിയോര കച്ചവടക്കാരനെയാണ് ക്വാറൈന്റനിൽ പ്രവേശിപ്പിക്കാതെ റോഡിൽ ഇറക്കിവിട്ടത്. എന്നാൽ ഇയാൾ ആരോഗ്യ പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ചതുമൂലം ഉണ്ടായ പാളിച്ചയാണന്നും അധികൃതർ പറയുന്നു.
കഴിഞ്ഞ 22നാണ് ഇയാൾ കേരളത്തിൽ എത്തിയത്. എറണാകുളം വരെ ട്രെയിനിൽ എത്തിയേശഷം ഏറ്റുമാനൂരിലേക്ക് എത്തിയതെങ്ങനെയെന്ന് വ്യക്തമല്ല. തുടർന്ന് പനിയുടെ ലക്ഷണങ്ങൾ കണ്ടതോടെ ഇയാൾ ജില്ലാ ആശ ുപത്രിയിൽ എത്തുകയും പരിശോധനകൾക്കുശേഷം സ്രവം പരിശോധനയ്ക്കു നല്കുകയും ചെയ്തു.
തുടർന്ന് ഇയാൾ വീട്ടിൽ പോകണമെന്ന് അവശ്യപ്പെടുകയും താൻ താമസിക്കുന്ന വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞുകൊള്ളാമെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു.
ഇന്നലെ പകൽ ഇയാൾ കടയിൽ ഭക്ഷണം കഴിക്കാനും അടുത്ത വീടുകളിൽ വെള്ളം എടുക്കാനും എത്തിയതോടെയാണ് നാട്ടുകാർ ആശങ്കയിലായത്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് അധികൃതരും പോലീസും സ്ഥലത്തെത്തി ഇയാളെ എംജി യൂണിവേഴ്സിറ്റി ക്വാറന്റൈൻ കേന്ദ്രത്തിലേക്കു മാറ്റി.
ഇയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ നിന്ന് ഏറ്റുമാനൂരിലേക്കു കൊണ്ടുവരുന്ന വിവരം ഏറ്റുമാനൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം അധികൃതരെ ജനറൽ ആശുപത്രി അധികൃതർ അറിയിച്ചില്ലെന്നും അത്തരം വിവരങ്ങളുടെ കൈമാറ്റം നടക്കുന്നില്ലെന്നും ഏറ്റുമാനൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം അധികൃതർ പറഞ്ഞു.