ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 രോഗബാധിതരുടെ എണ്ണം 13,000 പിന്നിട്ടു. നിലവിൽ 13,387 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യയും രാജ്യത്ത് ഉയരുകയാണ്.
437 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഓരോ ദിവസവും ആയിരത്തിന് മുകളിൽ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതു വലിയ ആശങ്കയ്ക്കാണ് ഇടയാക്കുന്നത്.
1,1201 പേരാണ് രാജ്യത്ത് ഇപ്പോൾ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 1,748 പേർക്ക് രോഗം ഭേദമായി. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 3,205 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. 194 പേരാണ് ഇവിടെ മരിച്ചത്.
മഹാരാഷ്ട്ര കഴിഞ്ഞാൽ രാജ്യത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഡൽഹിയിലാണ്. 1,640 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
38 പേരാണ് ഡൽഹിയിൽ മരിച്ചത്. തമിഴ്നാട്ടിൽ 1,267 പേർക്കും രാജസ്ഥാനിൽ 1,131 പേർക്കും മധ്യപ്രദേശിൽ 1,120 പേർക്കും രോഗം സ്ഥിരീകരിച്ചു.
മധ്യപ്രദേശ് 53, ഗുജറാത്ത് 36, തമിഴ്നാട് 15, തെലുങ്കാന 18, പഞ്ചാബ് 13, ആന്ധ്രാപ്രദേശ് 14 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കുകൾ.