കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമായി തുടരുന്നതിനിടെ എറണാകുളം ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് വെറും രണ്ടുപേർ കൂടി.
ഇവർ രണ്ടുപേരും കളമശേരി മെഡിക്കൽ കോളജിലാണു ചികിത്സയിലുള്ളത്. നിലവിൽ 13 പേരാണു ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്. കളമശേരി മെഡിക്കൽ കോളജിൽ രോഗം ബാധിച്ചവർ ഉൾപ്പെടെ നാലു പേരാണുള്ളത്.
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ രണ്ടുപേരും, ആലുവ ജില്ലാ ആശുപത്രിയിൽ ഒരാളും, കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ രണ്ടു പേരും, സ്വകാര്യ ആശുപത്രികളിലായി നാലുപേരും നിരീക്ഷണത്തിലുണ്ട്.
ഇന്നലെ പുതുതായി മൂന്നു പേരെ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാൾ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും രണ്ടു പേർ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. സ്വകാര്യ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന എട്ടുപേരെ ഇന്നലെ ഡിസ്ചാർജ് ചെയ്തു.
നാലുപേരെ ഇന്നലെ പുതുതായി വീടുകളിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടർന്ന് 41 പേരെ നിരീക്ഷണ പട്ടികയിൽനിന്നും ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 173 ആയി.
ഇതിൽ 62 പേർ ഹൈ റിസ്ക്ക് വിഭാഗത്തിലും 111 പേർ ലോ റിസ്ക് വിഭാഗത്തിലും ഉൾപ്പെടുന്നു. ഇനി 33 സാന്പിളുകളുടെ ഫലമാണ് ലഭിക്കാനുള്ളത്. ഇന്നലെ ജില്ലയിൽനിന്നും 30 സാന്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്നലെ ലഭിച്ച 44 പരിശോധന ഫലങ്ങളും നെഗറ്റീവായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ ജില്ലയിൽനിന്നും 1,332 സാന്പിളുകൾ അയച്ചു. ഇതിൽ 25 എണ്ണം പോസിറ്റീവായി.ജില്ലയിൽ ഇന്നലെ 119 കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിച്ചു.
ഇതിൽ 85 എണ്ണം പഞ്ചായത്തുകളിലും, 35 എണ്ണം നഗരസഭകളിലുമായിരുന്നു. ഇവിടങ്ങൾ വഴി 30,474 പേർക്ക് ഭക്ഷണം നൽകി. ഇതിൽ 9,236 പേർ അതിഥി ത്തൊഴിലാളികളാണ്.