നാലാം തരംഗ സൂചനകള്‍ നല്കി സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കേസുകള്‍ 2000 കടന്നു.
ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എറണാകുളം ജില്ലയില്‍ ആശങ്ക വര്‍ധിക്കുകയാണ്. അഞ്ചുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഒരെണ്ണം നിലവില്‍ എറണാകുളത്താണ്.
2193 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇതില്‍ 589ഉം എറണാകുളം ജില്ലയിലാണ്. തുടര്‍ച്ചയായി രണ്ടാംദിനവും ജില്ലയില്‍ കോവിഡ് കേസുകള്‍ അഞ്ഞൂറ് കടന്നിരിക്കുകയാണ്.
എറണാകുളത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 2500 പിന്നിട്ടു. ജനങ്ങള്‍ കോവിഡ് ഭീഷണിയെപ്പറ്റി മറന്നമട്ടില്‍ പെരുമാറുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന് ആരോഗ്യവിഭാഗം ആശങ്കപ്പെടുന്നു.
മാസ്ക് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ സംവിധാനം ഉപയോഗിക്കുന്നതില്‍ പലരും അലംഭാവം കാട്ടുന്നുണ്ടെന്നും ഇത് രോഗവ്യാപനം വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ രാജ്യത്തെ കോവിഡ് കേസുകളുടെ കണക്കുകളിലും ക്രമാതീതമായ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറില്‍ 7,240 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
പ്രതിദിന കേസുകളില്‍ 40 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 4,31,97,522 ആയി.
32,498 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനുള്ളില്‍ എട്ട് മരണങ്ങള് കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,24,723 ആയി ഉയര്‍ന്നു.1.62 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കേരളത്തിലും മഹാരാഷ്ട്രയിലുമാണ് നിലവില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടു സംസ്ഥാനങ്ങളിലും 2000ല്‍ അധികം കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
മഹാരാഷ്ട്രയില്‍ 2701 കേസുകളും കേരളത്തില്‍ 2271 കേസുകളുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
ഇതിനിടയില്‍ താക്കീതു നല്‍കിയിട്ടും മുഖാവരണം ധരിക്കാന്‍ വിസമ്മതിക്കുന്ന യാത്രക്കാരെ വിമാനത്തില്‍ കയറ്റരുതെന്ന് വ്യോമയാന ഡയറക്ടറേറ്റ് (ഡി.ജി.സി.എ.) വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്കി.
ഇത്തരം യാത്രക്കാരില്‍നിന്ന് പിഴയീടാക്കാന്‍ വിമാനത്താവളങ്ങള്‍ പോലീസിന്റെയും സുരക്ഷാജീവനക്കാരുടെയും സഹായം തേടണമെന്നും ബുധനാഴ്ച പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നു.
മുഖാവരണം ധരിക്കാത്ത യാത്രക്കാര്‍ക്കെതിരേ കര്‍ശന നടപടിക്ക് വിമാനത്താവളത്തിലെ ജീവനക്കാര്‍ക്ക് ഡി.ജി.സി.എ. കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് നടപടി.