സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റും ആർടിപിസിആർ ടെസ്റ്റിന്റെ ഫലവും കോവിഡ് പോസിറ്റീവായി മാറിയതിന്റെ സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ മാത്രം മദ്യം വാങ്ങാൻ അനുവദിച്ചാൽ ഇത്തവണ ഉത്രാടക്കച്ചവടം പൊളിയുമെന്നതിനാൽ സർട്ടിഫിക്കറ്റ് കാര്യത്തിൽ കണ്ണടച്ച് അധികൃതർ സ്വന്തം ഇഷ്ടപ്രകാരം ഇളവനുവദിക്കുന്നു.
മദ്യം വാങ്ങണമെങ്കിൽ സർട്ടിഫിക്കറ്റുകളിലേതെങ്കിലുമൊന്ന് നിർബന്ധമാക്കിയതോടെ ആദ്യ ദിവസങ്ങളിൽ ഈ നിയന്ത്രണം കർശനമായി നടപ്പാക്കിയിരുന്നെങ്കിലും പിന്നീട് ഈ നിർബന്ധബുദ്ധി മദ്യവിൽപന ശാലകളിലെ ഉദ്യോഗസ്ഥർ കാണിക്കുന്നില്ല.
കാരണം ഓണംഉത്രാടത്തോടനുബന്ധിച്ച് മദ്യവിൽപന ശാലകളിൽ നല്ല കച്ചവടം കിട്ടുന്നത് ഇല്ലാതാക്കാൻ മാത്രമേ ഈ നിബന്ധനകൾ കൊണ്ട് പറ്റൂവെന്നതിനാൽ തൽക്കാലം ഓണം കഴിയും വരെ വലിയ കടുംപിടുത്തം വേണ്ടെന്നാണ് മുകളിൽ നിന്നു തന്നെയുള്ള നിർദ്ദേശമെന്നറിയുന്നു.
സർട്ടിഫിക്കറ്റ് പരിശോധിച്ച് ഉള്ളവരെ മദ്യം വാങ്ങാൻ അനുവദിക്കാമെന്നാണ് പറഞ്ഞിരുന്നത്. ആ പരിശോധനയാണ് ഇപ്പോൾ ലളിതമാക്കിയിരിക്കുന്നത്.കേരളത്തിൽ മദ്യം ഏറ്റവുമധികം വിറ്റുപോകുന്ന സീസണുകളിലൊന്നായ ഓണക്കാലത്ത് ഇത്തരത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത് വ്യാജമദ്യ ലോബിക്ക് സഹായമാകുമെന്നതും അപകടകമാണ്.
വാക്സിനേഷൻ ഇപ്പോഴും ആവശ്യമായത്ര തോതിൽ നടത്തിയിട്ടുമില്ല. ഈ സാഹചര്യത്തിൽ സർട്ടിഫിക്കറ്റുകളില്ലാത്ത മദ്യപാനികളെ വല്ലാതെ ബുദ്ധിമുട്ടിക്കേണ്ടെന്ന നിലപാടാണ് അധികൃതർക്ക്.
ഇക്കാര്യം തുറന്നുപറയാനോ സമ്മതിക്കാനോ മദ്യവിൽപന ശാലകളിലുള്ളവർ തയ്യാറല്ലെങ്കിലും രഹസ്യമായി ആളുകൾക്ക് മദ്യം കിട്ടുന്നുണ്ടെന്നതാണ് വസ്തുതത.