(തിരുവനന്തപുരം): കുട്ടികൾക്കായുള്ള വാക്സിന് രജിസ്റ്റർ ചെയ്ത് കാത്തിരുന്ന സ്കൂൾ വിദ്യാർഥിനിക്ക് വാക്സിൻ എടുക്കാതെ തന്നെ സർട്ടിഫിക്കറ്റ് നൽകിയെന്ന പരാതിയുമായി മാതാപിതാക്കൾ.
ആ ശ്രീവരാഹം സ്വദേശി തങ്കരാജിന്റെ മകൾക്കാണ് ഓൺലൈനിൽ സർട്ടിഫിക്കറ്റ് ലഭിച്ചത്.കഴിഞ്ഞ ജനുവരി ഏഴിനാണ് കുട്ടികൾക്കുള്ള വാക്സിനുവേണ്ടി ഓൺലൈനിൽ രജിസ്റ്റർ ചെയ്തത്.
ഫോർട്ട് സ്കൂളിലെ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനി സ്കൂളിൽ വാക്സിൻ എടുക്കാൻ ചെന്നപ്പോഴാണ് വാക്സിൻ നേരത്തെതന്നെ എടുത്തതായുള്ള സർട്ടിഫിക്കറ്റ് ഓൺലൈനിൽ കാണുന്നതായി സ്കൂൾ അധികൃതരിൽ നിന്നും മനസ്സിലാകുന്നത്.
തുടർന്ന് ആരോഗ്യവകുപ്പിൽ അന്വേഷിക്കാൻ ഇവർ അറിയിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ ഓൺലൈനിൽ സർട്ടിഫിക്കറ്റ് ലഭിച്ചതായി മനസ്സിലാകുകയും പുതിയൊരു മൊബൈൽ നമ്പറിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയും ആയിരുന്നു എന്നാണ് രക്ഷിതാക്കൾ പറയുന്നത്.
വാക്സിനു വേണ്ടി ഓൺലൈനിൽ രജിസ്റ്റർ ചെയ്ത ജനുവരി 7 എന്ന തീയതി തന്നെയാണ്, കുട്ടിക്ക് ലഭിച്ച സർട്ടിഫിക്കറ്റിൽ വാക്സിൻ എടുത്തതായി കാണിച്ചിരിക്കുന്ന തീയതിയും.
കുട്ടികൾക്കായി നൽകുന്നത് കൊവാക്സിനാണ്. അതേസമയം, ലഭിച്ച സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് കുട്ടിക്ക് കൊവിഷീൽഡ് വാക്സിൻ നൽകി എന്നാണ്
. പ്രായം 18 എന്നും രേഖപ്പെടുത്തിയിരുന്നു. എന്നാൽ വിദ്യാർഥിനിക്ക് 18 വയസ്സ് പൂർത്തിയായിട്ടില്ല. പുതിയൊരു മൊബൈൽ നമ്പറിൽ വാക്സിനുവേണ്ടി ഓൺലൈനിൽ രജിസ്റ്റർ ചെയ്യാനാണ് പുതിയ തീരുമാനമെന്ന് വിദ്യാർത്ഥിനിയുടെ പിതാവ് തങ്കരാജ് പറഞ്ഞു.