കോൽക്കത്ത: പരേതന്റെ കോവിഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ മൃതദേഹം ഐസ് ക്രീം ഫ്രീസറിൽ സൂക്ഷിച്ച് ബന്ധുക്കൾ. പശ്ചിമബംഗാളിന്റെ തലസ്ഥാനമായ കോൽക്കത്തയിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്. വീട്ടിൽ മരണമടഞ്ഞ 71 വയസുകാരന്റെ മൃതദേഹം 48 മണിക്കൂറാണ് കുടുംബത്തിന് ഐസ് ക്രീം ഫ്രീസറിൽ സൂക്ഷിക്കേണ്ടിവന്നത്.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ മരണ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്ന് ഡോക്ടർമാർ ആദ്യം കൈയൊഴിഞ്ഞു. മരണ സർട്ടിഫിക്കറ്റ് ഇല്ലാതെ മോർച്ചറികളും മൃതദേഹം സ്വീകരിക്കാൻ വിസമ്മതിച്ചു.
ഇതോടെയാണ് കുടുംബത്തിന് ഐസ് ക്രീം ഫ്രീസർ വാടകയ്ക്ക് എടുക്കേണ്ടിവന്നത്. ആരോഗ്യവകുപ്പിനെയും പോലീസിനെയും ജില്ലാ ഭരണകൂടത്തേയും അറിയിച്ചിട്ടും ആരും സഹായിച്ചില്ലെന്ന് കുടുംബം പറയുന്നു.
തിങ്കളാഴ്ചയാണ് വയോധികൻ മരിച്ചത്. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം ലഭിക്കാത്തതിനാൽ ഡോക്ടർ മരണ സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചു. മോർച്ചറികളും മരണ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ മൃതദേഹം സ്വീകരിച്ചില്ല.
ഇതോടെ ചൊവ്വാഴ്ച രാവിലെ മൃതദേഹം ഐസ് ക്രീം ഫ്രീസർ വാടകയ്ക്ക് എടുത്ത് അതിലേക്ക് മാറ്റി. മരണപ്പെട്ടയാൾ കോവിഡ് പോസ്റ്റീവാണെന്ന് ചൊവ്വാഴ്ച വൈകുന്നേരം റിപ്പോർട്ട് വന്നു. ബുധനാഴ്ച ഉച്ചയക്ക് രണ്ടോടെയാണ് ആരോഗ്യവകുപ്പ് എത്തി മൃതദേഹം ഇവിടെനിന്നും മാറ്റുന്നത്.
തിങ്കളാഴ്ച ശ്വാസതടസം അനുഭവപ്പെട്ടതോടെ വയോധികൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കോവിഡ് പരിശോധന നടത്താൻ ഡോക്ടർ നിർദേശിക്കുകയും ചെയ്തു. എന്നാൽ വീട്ടിൽ തിരിച്ചെത്തിയ ഇയാൾ ആരോഗ്യനില വഷളായി മരിച്ചു.
ഡോക്ടർ പിപിഇ സ്യൂട്ട് ധരിച്ച് മരിച്ചയാളുടെ വസതിയിലെത്തി പരിശോധന നടത്തി. എന്നാൽ ഇദ്ദേഹം മരണ സർട്ടിഫിക്കറ്റ് നൽകാൻ തയാറായില്ല. കോവിഡ് കേസായതിനാൽ പോലീസിനെ വിവരം അറിയിക്കാൻ പറഞ്ഞു. പോലിസിനെ കുടുംബം ബന്ധപ്പെട്ടപ്പോൾ കൗൺസിലറെ ബന്ധപ്പെടാൻ അറിയിച്ചു. പിന്നീട് ഹെൽപ് ലൈൻ നമ്പറിൽ പലതവണ വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ലെന്നും കുടുംബം പറയുന്നു.
പരിശോധനാ റിപ്പോർട്ടുകൾ ലഭിച്ചതിനുശേഷവും ആരോഗ്യ വകുപ്പിനെ വിളിച്ചുകൊണ്ടിരുന്നുവെങ്കിലും പ്രതികരണമുണ്ടായില്ല. ബുധനാഴ്ച രാവിലെയാണ് ആരോഗ്യവകുപ്പിൽ നിന്ന് ബന്ധപ്പെട്ടത്.
അവരോട് എല്ലാവിവരങ്ങളും അറിയിച്ചു- കുടുംബം പറഞ്ഞു. പിന്നാലെ കോൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാരെത്തി മൃതദേഹം സംസ്കാരത്തിനായി ഇവിടെനിന്നും മാറ്റി. ഇതിനു ശേഷം കെട്ടിടം മുനിസിപ്പൽ ജീവനക്കാർ അണുവിമുക്തമാക്കി.