സീമ മോഹന്‍ലാല്‍
കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് കേരളത്തിലേക്കും പുറത്തേക്കും എത്തുന്ന ട്രെയിന്‍ യാത്രികരുടെ പരിശോധന റെയില്‍വേ പോലീസിനു തലവേദനയാകുന്നു.
യാത്രക്കാരുടെ കുറവുമൂലം സംസ്ഥാനത്തിന് അകത്തുള്ള ട്രെയിനുകളില്‍ പലതും വെട്ടിക്കുറച്ചിട്ടുണ്ട്. പക്ഷേ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതും അവിടെനിന്നു വരുന്നതുമായ ട്രെയിനുകളില്‍ പ്രതിദിനം നൂറുകണക്കിന് യാത്രികരാണ് ഉള്ളത്.
ഇങ്ങനെയുള്ള യാത്രികരുടെ കോവിഡ് സര്‍ട്ടിഫിക്കറ്റ് പരിശോധന നിലവില്‍ റെയില്‍വേ പോലീസാണ് ചെയ്യുന്നത്. പ്ലാറ്റ്ഫോം ഡ്യൂട്ടിക്കും മറ്റ് സുരക്ഷാ ഡ്യൂട്ടിക്കുമൊപ്പം ട്രെയിന്‍ യാത്രികരുടെ കോവിഡുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് പരിശോധനയും കൂടി ചെയ്യേണ്ടിവരുന്നതിനാല്‍ തങ്ങളുടെ ജോലി ഭാരം വര്‍ധിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ട്രെയിനില്‍ സംസ്ഥാനത്തേക്ക് വരുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ ഫലം പോലീസ് പരിശോധിക്കും.
കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റില്ലാത്തവരുടെ വിവരങ്ങള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലിലേക്ക് കൈമാറും. ഇതെല്ലാം റെയില്‍വേ സ്റ്റേഷനുകളില്‍ നിലവില്‍ റെയില്‍വേ പോലീസാണ് ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം കോവിഡ് നാളുകളില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തുന്നതുവരെ ട്രെയിനില്‍ എത്തുന്നവരുടെയും മടങ്ങുന്നവരുടെയും വിവരശേഖരണത്തിനായി ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒരു കേന്ദ്രീകൃത സംവിധാനം ഉണ്ടായിരുന്നു.
അസിസ്റ്റന്റ് കളക്ടറുടെ നേതൃത്വത്തില്‍ ജില്ല ഭരണകൂടം, ജില്ല തൊഴില്‍ വകുപ്പ്, ആരോഗ്യവകുപ്പ്, സംസ്ഥാന റെയില്‍വേ പോലീസ്, റെയില്‍വേ എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് അന്ന് പരിശോധന നടത്തിയിരുന്നത്.
എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ മറ്റു വിഭാഗങ്ങളെല്ലാം കൈയൊഴിഞ്ഞതോടെ റെയില്‍വേ പോലീസ് പ്രതിസസന്ധിയിലായിരിക്കുകയാണ്.