ബെയ്ജിംഗ്: കോവിഡ് പടർന്നത് വുഹാൻ ലാബിൽനിന്നാണോയെന്ന് അന്വേഷിക്കുന്ന അമേരിക്കൻ നടപടിയെ അപലപിച്ച് ചൈന.
ചൈനയെ കുറ്റപ്പെടുത്താനും കളങ്കപ്പെടുത്താനും മഹാവ്യാധിയെ അമേരിക്ക ഉപയോഗിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. യുഎസ് സത്യത്തെയോ വസ്തുതകളേയോ പരിഗണിക്കുന്നില്ല.
കോവിഡിന്റെ ഉദ്ഭവം സംബന്ധിച്ച ശാസ്ത്രാധിഷ്ടിത പഠനത്തിൽ താൽപര്യമില്ല. അവരുടെ ഉദ്ദേശം ചൈനയെ കുറ്റപ്പെടുത്തുകയും കളങ്കപ്പെടുത്തുകയുമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു.
അമേരിക്ക ശാസ്ത്രത്തോട് അനാദരവ് കാട്ടുകയാണ്. ജനങ്ങളുടെ ജീവിതത്തോട് നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നത്.
വൈറസിനെതിരായി ഒന്നിച്ചുപോരാടാനുള്ള ശ്രമങ്ങളുടെ എതിർദിശയിലാണ് അമേരിക്ക. യുഎസ് രഹസ്യാന്വേഷണ ഏജൻസികൾക്ക് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഇരുണ്ട ചരിത്രമുണ്ടെന്നും വക്താവ് പറഞ്ഞു.
എങ്ങനെയാണ് വൈറസ് ആദ്യമായി മനുഷ്യരിലേക്ക് പകർന്നതെന്ന് കണ്ടെത്താൻ യുഎസ് പ്രസിഡന്റ് ജോ ബിഡെൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കോവിഡ് രോഗത്തെക്കുറിച്ച് ചൈന ലോകത്തോടു വെളിപ്പെടുത്തുന്നതിന് ആഴ്ചകൾക്കു മുന്പ് വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്നു ഗവേഷകർ ആശുപത്രിയിൽ ചികിത്സ തേടി യതായി യുഎസ് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
വുഹാൻ ലാബിൽനിന്നാണോ കോവിഡ് രോഗം പടർന്നത് എന്നതു സംബന്ധിച്ച് അന്വേഷണം നടത്തുന്ന അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖകൾ ഉദ്ധരിച്ചാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്.
ട്രംപ് ഭരണകൂടത്തിന്റെ അവസാന നാളുകളിലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ ഈ വിവരം ലഭിച്ചത്.
കൊറോണ വൈറസിന്റെ ഉത്ഭവത്തെ സംബന്ധിച്ച് പല ഊഹാപോഹങ്ങളും ലോകത്തു നിലവിലുണ്ട്.
വുഹാനിലെ സമുദ്രവിഭവ മാർക്കറ്റിൽനിന്നാണ് രോഗം പൊട്ടിപ്പുറപ്പെട്ടതത്രെ. വുഹാൻ ഇ ൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ സമീപത്താണ് ഈ മാർക്കറ്റ്.
വുഹാൻ ലാബിൽനിന്നുതന്നെയാണ് കൊറോണ വൈറസ് പുറത്തുകടന്നതെന്നു മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ റഞ്ഞിരുന്നു.