കാസർഗോഡ്: കോവിഡിനെ പ്രതിരോധിക്കാന്‍ ജില്ലാ തല ഐഇസി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലയില്‍ ആരംഭിച്ച ആന്റിജെന്‍ ടെസ്റ്റ് ചലഞ്ച് ഏറ്റെടുത്ത് ജില്ലാ കളക്ടര്‍ ഡി. സജിത്ബാബു.
ഡിസംബര്‍ 14 വരെ നീണ്ടുനില്‍ക്കുന്ന കോവിഡ് ടെസ്റ്റ് ചലഞ്ചില്‍ ആദ്യ ദിനം ആന്റിജന്‍ ടെസ്റ്റ് നടത്തിയ എഡിഎം എന്‍. ദേവീദാസ് ജില്ലാ കളക്ടര്‍ ഡി. സജിത്ബാബുവിനെ ചലഞ്ച് ചെയ്തിരുന്നു.
ചലഞ്ച് ഏറ്റെടുത്ത കളക്ടര്‍ വെള്ളിയാഴ്ച രാവിലെ കളക്ടറേറ്റിലാണ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്.ടെസ്റ്റ് ഫലം നെഗറ്റീവാണ്.
ടെസ്റ്റ് ചെയ്യുന്ന ഫോട്ടോയോടൊപ്പം ഞാന്‍ കോവിഡ് ടെസ്റ്റ് ചെയ്തു നെഗറ്റീവാണ് എന്നെഴുതി #Antigen test challenge at Kasaragod എന്ന ടാഗിൽ കളക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പയെ ചലഞ്ച് ചെയ്തു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയിലെ ഉദ്യോഗസ്ഥരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും ചലഞ്ച് ഏറ്റെടുക്കും. കോവിഡ് ടെസ്റ്റ് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെസ്റ്റ് ചലഞ്ചിന് തുടക്കം കുറിച്ചിരിക്കുന്നത്.
ആന്റിജന്‍ ടെസ്റ്റ് ചലഞ്ച് എന്ന ഹാഷ് ടാഗില്‍ വിവിധ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് പൊതുജനങ്ങള്‍ക്കും ചലഞ്ചിന്റെ ഭാഗമാകാം.