ചാത്തന്നൂർ: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നിന്നും മുങ്ങിയ വയോധികയെ ചാത്തന്നൂരിൽ ബസ് തടഞ്ഞ് കണ്ടെത്തി.
പോലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് ആംബുലൻസിൽ ഇവരെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ബസിന്റെ സർവീസ് ചാത്തന്നൂർ ഡിപ്പോയിൽ അവസാനിപ്പിച്ചു. കൊല്ലം ഡിപ്പോയിലെ ഈ ബസിലെ കണ്ടക്ടറോട് ക്വാറന്റൈയിനിൽ കഴിയാൻ നിർദേശം നല്കി. ബസ് അണുവിമുക്തമാക്കിയ ശേഷമേ സർവീസ് നടത്തുകയുള്ളൂ. ബസിലുണ്ടായിരുന്ന യാത്രക്കാരുടെ വിവരങ്ങൾ ആരോഗ്യ പ്രവർത്തകരും പോലീസും ശേഖരിച്ചു.
ആരോഗ്യ പ്രവർത്തകർ പറഞ്ഞത്: പരവൂർ, നെടുങ്ങോലം കല്ലൻ കോടി സ്വദേശിനിയാണ് വയോധിക. ഇവരുടെ ബന്ധു ആർസിസിയിൽ കാൻസർ ചികിത്സയിലായിരുന്നു. വയോധികയാണ് പരിചരണത്തിന് രോഗിയ്ക്കൊപ്പം ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം രോഗി മരിച്ചു.പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. മരണമറിഞ്ഞ് അടുത്ത ബന്ധുക്കളും ആർസിസിയിൽ എത്തി. അല്പം കഴിഞ്ഞപ്പോൾ വയോധികയെ കാണാതായി.
അന്വേഷിച്ച് കണ്ടെത്താനാകാതായതോടെ പോലിസിന് പരാതി നല്കി. വിവരം നെടുങ്ങോലത്തും അറിയിച്ചു. വാർഡ് കൗൺസിലറും ബന്ധുക്കളും ഇവരുടെ ഫോട്ടോയുമായി ചാത്തന്നൂർ ഡിപ്പോയിലെത്തി. പോലീസിന്റെ നിർദേശപ്രകാരം എല്ലാവരും പാരിപ്പള്ളിയിൽ നിലയുറപ്പിച്ചു.
പോലീസിന്റെ സഹായത്തോടെ തിരുവനന്തപുരം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പരിശോധിച്ചു തുടങ്ങി. തുടർന്ന് കൊല്ലത്തേയ്ക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസിൽ ഇവരെ കണ്ടെത്തി. തുടർന്ന് പാരിപ്പള്ളിയിൽ നിന്നും യാത്രക്കാരെ കയറ്റാതെ ബസ് ചാത്തന്നൂർ ഡിപ്പോയിലേയ്ക്ക് മാറ്റി.
ആംബുലൻസിൽ വയോധികയെ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് കൊണ്ടു പോയി. ബസിലെ മറ്റ് യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ച ശേഷം അവരെ മറ്റ് ബസുകളിൽ കയറ്റി വിട്ടു.