ചാവക്കാട്: അവസാനത്തെ കുടുംബത്തിന്റെ പരിശോധനാഫലവും വന്നു. നെഗറ്റീവ്. ചാവക്കാടിന് ആശ്വസിക്കാൻ വകയായി. താലൂക്ക് ആശുപത്രിയിലെ ഒന്പത് ജീവനക്കാർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടർന്ന് അവരുടെ കുടുംബാംഗങ്ങളുടെ സ്രവം പരിശോധയ്ക്ക് എടുത്തിരുന്നു.
അതിൽ ഏഴ് കുടുംബത്തിന്റെ പരിശോധനാഫലം നേരത്തെ ലഭിച്ചിരുന്നു. ശേഷിച്ച രണ്ട് കുടുംബത്തിന്റെ ഫലം കൂടി എത്തിയതോടെ എല്ലാം നെഗറ്റീവ്. ഇതിനിടെ, രോഗംബാധിച്ച മുഴുവൻ ജീവനക്കാരും രോഗമുക്തരായി.
താൽക്കാലിക, ആശാവർക്കർമാർ, സ്റ്റാഫ് നഴ്സ് ഉൾപ്പെടെ ഒന്പതുപേർക്കാണ് രണ്ടുഘട്ടത്തിലായി കോവിഡ് സ്ഥിരീകരിച്ചത്. അവരിൽ നാലു പേർ നേരത്തെ ആശുപത്രി വിട്ടു. ശേഷിച്ചവരും രോഗവിമുക്തരായി.
ജീവനക്കാർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് താലൂക്ക് ആശുപത്രി അടയ്ക്കേണ്ടിവന്നു. ചാവക്കാട് നഗരസഭ പ്രദേശം മുഴുവൻ കണ്ടെയ്ൻമെന്റ് സോണായി. ഒരു ആശാവർക്കറുടെ വീട്ടിലെ കല്യാണം മാറ്റിവച്ചു. എംഎൽഎ നിരീക്ഷണത്തിലായി.
കടകൾ അടഞ്ഞുകിടന്നു. ആശങ്ക പരത്തിയ നാളുകൾക്കു മോചനം. ചാവക്കാട് മേഖലയിലെ ജനങ്ങൾ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചെത്താൻ തുടങ്ങി. പൂർണമോചനമായിട്ടില്ല. നഗരസഭയിലെ ഏഴ് വാർഡുകൾ ഇപ്പോഴും നിയന്ത്രണത്തിലാണ്.
ചാവക്കാടിനേയും മണത്തലയേയും ബന്ധിപ്പിക്കുന്ന പഴയപാലം (പടിപ്പാലം) ഉൾപ്പെടെ നിയന്ത്രണത്തിലാണ്. ഭൂരിഭാഗം പ്രദേശത്തെ നിയന്ത്രണത്തിൽ അയവ് വന്നതോടെ ചാവക്കാട് ടൗണിലേക്ക് തിരക്ക് കൂടിത്തുടങ്ങി. മിക്ക വ്യാപാരസ്ഥാപനങ്ങളും തുറന്നു.
ഹോട്ടലുകൾ അടഞ്ഞുകിടക്കുകയാണ്. ഭക്ഷണം കഴിക്കാൻ ആളുകൾ എത്താത്തതാണ് മുഖ്യകാരണം. നഷ്ടത്തിലായതിനാൽ സ്വകാര്യബസുകൾ ഓടുന്നില്ല.
യാത്രക്കാരുടെ കുറവും ഇന്ധനവിലവർധനവും കാരണം മിക്ക ഓട്ടോറിക്ഷകളും വിശ്രമത്തിലാണ്. ചാവക്കാട് മേഖലക്ക് ആശ്വസിക്കാൻ വകയുണ്ടെങ്കിലും ജനത്തിന് ഭയം വിട്ടകന്നിട്ടില്ല. എന്നിരുന്നാലും സ്വകാര്യ-സർക്കാർ സ്ഥാപനങ്ങൾ സജീവമായി തുടങ്ങി.