ചവറ: രണ്ട് ദിവസത്തിന് മുമ്പ് വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയാന്‍ വിസമ്മതിച്ച സഹോദരങ്ങളെ നീരീക്ഷണത്തിനായി ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് കടന്ന് കളഞ്ഞ് ഇവര്‍ വീണ്ടും വീട്ടിലെത്തിയത് അധികൃതരെ വലച്ചു.
ചവറ നല്ലേഴ്ത്ത് മുക്കിന് സമീപത്തെ വീട്ടിലെ യുവാക്കളാണ് വിലക്ക് ലംഘിച്ച് കറങ്ങി നടന്നത്. സഹോദരങ്ങളിൽ ഒരാൾ അന്യ സംസ്ഥാനത്തിൽ നിന്ന് വന്നതാണ്. ഇയാളുമായി ഇടപഴകിയ സഹോദരനും വന്ന ആളും നിരീക്ഷണത്തില്ക്കഴിയണമെന്ന് പോലീസും ആരോഗ്യ വകുപ്പധികൃതരും പറഞ്ഞെങ്കിലും സഹോദരങ്ങള്‍ വെളിയിലറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.
തുടര്‍ന്ന് അധികൃതർ ഇവരുടെ വീട്ടിലെത്തി സഹോദരങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ബുധനാഴ്ച്ച രാത്രിയോടെ ജില്ലാ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ യുവാക്കള്‍ ആശുപത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച് നല്ലേഴ്ത്ത് മുക്കിലുളള ഇവരുടെ വീട്ടിലെത്തി.
സംഭവം അറിഞ്ഞ ചവറ പോലീസ് ഇവരെ പിടികൂടാനായി കെഎസ്ആര്‍ടിസി ബസുള്‍പ്പെടെ പരിശോധിച്ചെങ്കിലും യുവാക്കളെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതിനിടയില്‍ ഇവര്‍ വീണ്ടും വീട്ടിലെത്തി പുറത്തിറങ്ങി എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഇവരോട് നിരീക്ഷണത്തില്‍ പോകാന്‍ പറഞ്ഞെങ്കിലും നിരീക്ഷണത്തില്‍ പോകാന്‍ ഇവർ തയ്യാറായില്ല.
തുടര്‍ന്ന് കൂടുതല്‍ പോലീസെത്തി ബലം പ്രയോഗിച്ച് സഹോദരങ്ങളായ യുവാക്കളെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു .രണ്ട് പ്രാവശ്യം നിയമ ലംഘനം നടത്തിയതിനാൽ സഹോദരങ്ങളുടെ പേരില്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.