വൈപ്പിന്‍ : മുനമ്പം ഹാര്‍ബറും, കാളമുക്ക് ഹാര്‍ബറും തുറക്കാന്‍ വൈകുമെന്ന് സൂചന. ചെല്ലാനം ഉള്‍പ്പെടെയുള്ള മത്സ്യബന്ധന മേഖലകള്‍ കോവിഡ് ഹൈ റിസ്ക് മേഖലകളായി തുടരുന്ന സാഹചര്യത്തിലാണിത്.
ഇതിനിടയില്‍ മുനമ്പത്തും, കാളമുക്കിലും ഹാര്‍ബറുകള്‍ തുറന്നാല്‍ ചെല്ലാനം ഉള്‍പ്പെടെയുള്ള അതി തീവ്ര മേഖലയില്‍ നിന്നുള്ള മത്സ്യബന്ധന യാനങ്ങളും, തൊഴിലാളികളും കച്ചവടക്കാരും ഇവിടേക്ക് എത്തുമെന്ന് ഉറപ്പാണ്.
മറ്റിടങ്ങളിൽനിന്ന് ആളുകൾ എത്തുന്നത് നിയന്ത്രിക്കാൻ പോലീസിനോ ഫിഷറീസ് അധികൃതര്‍ക്കോ കഴിയില്ല. ഈ സാഹചര്യത്തിലാണ് കോവിഡ് ബാധ ഇല്ലാതിരുന്നിട്ടുപോലും എളങ്കുന്നപ്പുഴ പഞ്ചായത്തിലെ 14,15 വാര്‍ഡുകള്‍ കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ച് ഹാരബര്‍ അടപ്പിച്ചത്.
ഇതിനു തൊട്ടുമുമ്പുള്ള രണ്ട് ദിവസങ്ങളില്‍ മറ്റു മേഖലയില്‍ നിന്നുള്ള വള്ളങ്ങള്‍ മത്സ്യബന്ധനം കഴിഞ്ഞ് മത്സ്യവമായി ഹാര്‍ബറില്‍ എത്തിയിരുന്നത് ഫിഷറീസ് ഉദ്യോഗസ്ഥരും പോലീസും തടയാന്‍ ശ്രമിച്ചെങ്കിലും സ്ഥിതി സംഘര്‍ഷമായതോടെ ഉദ്യോഗസ്ഥര്‍ മത്സ്യവില്‍പനക്ക് തല്ക്കാലം അനുമതി നല്‍കുകയാണ് ചെയ്തത്.
തുടര്‍ന്ന് ജില്ലാകളക്ടര്‍ക്ക് ഇത് സംബന്ധിച്ച് നല്കിയ റിപ്പോര്‍ട്ടിലാണ് പിറ്റേന്ന് കാളമുക്ക് ഹാര്‍ബര്‍ മേഖല കണ്ടെയ്ൻമെന്റ് സോണിലാക്കിയത്.
മറ്റിടങ്ങളില്‍ നിന്നെത്തുന്ന വള്ളങ്ങളിലെ മത്സ്യങ്ങള്‍ വില്ക്കാന് സമ്മതിക്കില്ലെന്ന് തരകന്മാരും വാങ്ങില്ലെന്ന് കച്ചവടക്കാരും വ്യക്തമായ ഒരു നിലപാട് എടുത്തിരുന്നെങ്കില്‍ ഹാര്‍ബര്‍ അടച്ചു പൂട്ടില്ലായിരുന്നു എന്നാണ് ഫിഷറീസ് അധികൃതരുടെ വെളിപ്പെടുത്തല്‍.
കാളമുക്കിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് ഇപ്പോള്‍ കണ്ടെയ്ൻമെന്റ് സോണ്‍ അല്ലാതായിട്ടും മുനമ്പം ഹാര്‍ബര്‍ തുറന്ന് പ്രവര്‍ത്തിക്കാത്തതെന്നും അധികൃതര്‍ വ്യക്തമാക്കി.