ചെങ്ങന്നൂർ: നിരീക്ഷണത്തിൽ കഴിയേണ്ട മധ്യവയസ്കനെ വട്ടംചുറ്റിച്ചതായി പരാതി. ഡൽഹിയിൽനിന്ന് എത്തിയ കറുകച്ചാൽ സ്വദേശിയായ മധ്യവയസ്കനെയാണ് കൃത്യമായ ആസൂത്രണമില്ലാതെ മണിക്കൂറുകളോളം ചെങ്ങന്നൂരിൽ വട്ടം ചുറ്റിച്ചത്.
ഡൽഹിയിൽ നിന്നും ഇന്നലെ രാവിലെയാണ് ട്രെയിനിൽ ഇയാൾ തിരുവനന്തപുരത്ത് എത്തിയത്. ഇയാളോടൊപ്പം രണ്ട് ചെങ്ങന്നൂർ നിവാസികളും കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്നു.
ഇവരുമായി ദേശീയപാതയിലൂടെ വന്ന ബസ് ചെങ്ങന്നൂർ പേരിശേരി റെയിൽവേ മേൽപ്പാലത്തിനു സമീപം റയിൽവേ ഓവർ ബ്രിഡ്ജിന്റെ ക്രോസ് ബാരിയറിൽ ഉടക്കി വാഹനഗതാഗതം തടസപ്പെട്ടു.
ഫയർഫോഴ്സ് എത്തിയാണ് ബസിന് പോകാനുള്ള സംവിധാനം ഒരുക്കിയത്. തുടർന്ന് ഇവരെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ജില്ലാ ആശുപത്രിയിൽ എത്തിയപ്പോൾ മാത്രമാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഈ വിവരം അറിയുന്നത്.
ബസിൽ ഉണ്ടായിരുന്ന ചെങ്ങന്നൂർ സ്വദേശികളായ രണ്ട് പേരെ അവരുടെ ബന്ധുക്കൾ വന്ന് കൂട്ടിക്കൊണ്ടുപോയി. എന്നാൽ കൃത്യമായ നിർദേശം ലഭിക്കാഞ്ഞതിനാൽ കറുകച്ചാൽ സ്വദേശി ഉച്ചവെയിലത്ത് കാത്തുനിൽക്കേണ്ടി വന്നു.
ഈ സമയം ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയതും പ്രശ്നമായി. സമീപത്തുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലേയ്ക്ക് വിളിച്ചറിയിച്ചതനുസരിച്ച് വൈകുന്നേരം 3.30ഓടെ ഭാര്യ അവരുടെ കാറിൽ ചെങ്ങന്നൂരിൽ എത്തി.
എന്നാൽ ഭാര്യയും ഡ്രൈവറും നിരീക്ഷണത്തിൽ പോകേണ്ടി വരുമെന്നുള്ളതിനാൽ സ്വകാര്യ ആംബുലൻസിൽ ഇയാൾ തനിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനുള്ള ചെലവും സ്വയം വഹിക്കേണ്ടി വന്നു.