ചെങ്ങന്നൂർ: ചെങ്ങന്നൂരിലും കല്ലിശേരിയിലും വൈദികർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൂടുതൽ പേർ ക്വാറന്റൈനിൽ. ചെങ്ങന്നൂർ നഗരത്തിലെ മലങ്കര കത്തോലിക്കാ പള്ളി, കല്ലിശേരി ക്നാനായ പള്ളി എന്നിവിടങ്ങളിലെ വൈദികർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വൈദികർ സന്പർക്കം പുലർത്തിയ പ്രാഥമിക ലിസ്റ്റു പ്രകാരമുള്ള 129 പേരുടെ സ്രവ പരിശോധന ഇന്നലെ നടന്നു. ആന്റിജൻ ടെസ്റ്റാണ് ഇന്നലെ ഗവ. ജില്ലാ ആശുപത്രിയിൽ നടന്നത്. ഇതിൽ ആരുടെയും ഫലം പോസിറ്റീവല്ല എന്ന് ചെങ്ങന്നൂർ ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചു.
വൈദികന്റെ സന്പർക്കം ഉണ്ടായ വിവിധ സ്ഥലങ്ങളിലെ (കല്ലിശേരി, ചെങ്ങന്നൂർ, തിരുവൻവണ്ടൂർ, പുലിയൂർ, കോടുകുളഞ്ഞി-ആല, മുളക്കുഴ നികരും പുറം, ) ദേവാലയത്തിൽ എത്തിയവരുടെ ലിസ്റ്റ് അനുസരിച്ചുള്ള ടെസ്റ്റാണ് നടന്നത്.
ഇതിൽ നഗരസഭയിലെ 62 ഉം ബാക്കി 67 പേർ വിവിധ പഞ്ചായത്തിൽ വൈദിക സന്പർക്കത്തിൽ പെട്ടവരും ആണ്. സന്പർക്ക പട്ടികഇനിയും പൂർണമല്ല. അതിൽ ഇന്നലെ എത്തിയ 129 പേരുടെ പരിശോധനയാണ് നടത്തിയത്.
സന്പർക്ക പട്ടികയിലുള്ള ചെങ്ങന്നൂർ സെന്റ് ആൻസ് കോണ്വെന്റിലെ 12 ഓളം കന്യാസ്ത്രീകൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ സ്രവ പരിശോധന നടത്തും.
അതേ സമയം വൈദികന്റെ സന്പർക്കം ഉണ്ടായതായി പറയുന്ന മാവേലിക്കര പുന്നമൂട് ബിഷപ് ഹൗസിലെ സന്പർക്ക പട്ടിക തയ്യാറാക്കി അവരെ ടെസ്റ്റിന് വിധേയരാക്കേണ്ടത് ആ മേഖലയിലെ ആരോഗ്യ പ്രവർത്തകരാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
അവിടെ നിന്നും ലഭിക്കേണ്ട ലിസ്റ്റും ഇനിയും കിട്ടുവാനുള്ളവരുടെ ലിസ്റ്റും കൂടി കൂട്ടുന്പോൾ സന്പർക്കം ചെയ്തവരുടെ എണ്ണം കൂടാനാണ് സാധ്യത.