ചെന്നൈ: സംസ്ഥാനത്ത് ഇന്നലെ 669 കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ബാധിക്കപ്പെട്ടവരുടെ ആകെ എണ്ണം 7,204 ആയി. ഇതോടെ രോഗികളുടെ എണ്ണത്തില്‍ തമിഴ്നാട് രാജ്യത്ത് മൂന്നാം സ്ഥാനത്തായി. 22,200 പേർ കോവിഡ് റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാമത് ഗുജറാത്തും.
തമിഴ്നാട്ടില്‍ ഇനിയും രോഗികളുടെ എണ്ണം കുത്തനെ ഉയരുമെന്നും എന്നാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും പറഞ്ഞ് ചെന്നൈയിലെ കൊറോണ സ്പെഷല്‍ ഓഫീസര്‍ ജെ. രാധാകൃഷ്ണന് രംഗത്തെത്തി. തമിഴ്നാട്ടില്‍ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പരിശോധനകളാണ് ദിവസവും നടക്കുന്നത്. അതുകൊണ്ടാണ് രോഗികളുടെ എണ്ണം കൂടുന്നത്.
തുടർ ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തില്‍ കുത്തനെ ഉയര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ഇതിനിടെ കൊറോണ സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ ഗുരുതരമായി ബാധിച്ചിട്ടുള്ളതിനാല് ഇതേപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയമിച്ചു.
റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ സി.രങ്കരാജന്‍ അധ്യക്ഷനായ സമിതിയില്‍ സാമ്പത്തിക വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, ബാങ്ക് പ്രതിനിധികള്‍, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങിയവരാണ് ഉണ്ടാവുക. ഏതെല്ലാം രംഗത്താണ് കൊറോണ ആഘാതം ഉണ്ടാക്കിയിട്ടുള്ളതെന്നും അതിനുള്ള പരിഹാരം എന്തെന്നും കമ്മിറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
മൂന്നുമാസമാണ് കമ്മിറ്റിയുടെ കാലാവധി. അതിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. കൊറോണ ബാധിതരുടെ എണ്ണം തമിഴ്നാട്ടില്‍ കൂടിക്കൊണ്ടിരിക്കുകയാണെങ്കിലും ഇന്നുമുതല്‍ കടകള്‍ അടക്കമുള്ള 34 അവശ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതിയായി.
ഇത് രോഗ വ്യാപനത്തിന്റെ തോത് വീണ്ടും ഉയര്‍ത്തുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.തമിഴ്നാട്ടിലെ ലക്ഷക്കണക്കിനുള്ള ചെറിയ ചായക്കടകള്ക്കടക്കം ഇന്നുമുതല്‍ തുറക്കാം. 33 ശതമാനം ജീവനക്കാരുമായി പ്രൈവറ്റ് കമ്പനികള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം.
ഇതിനിടെ മദ്യശാലകള്‍ വീണ്ടും തുറക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് നടന് രജനീകാന്ത് രംഗത്തെത്തി. ഖജനാവ് നിറയ്ക്കാന്‍ സര്‍ക്കാര്‍ മറ്റുവഴികളാണ് നോക്കേണ്ടതെന്നും മദ്യശാലകള്‍ തുറന്നാല്‍ ഇനി അധികാരത്തില്‍ എത്തുന്നതിനെക്കുറിച്ച് ഒട്ടും ആലോചിക്കേണ്ടതില്ലെന്നും അദ്ദേഹം ഇന്നലെ ട്വീറ്റ് ചെയ്തു.
തമിഴ്നാട്ടില്‍ കഴിഞ്ഞദിവസം തുറന്ന മദ്യശാലകള്‍ ഹൈക്കോടതി ഇടപെട്ട് അടപ്പിച്ചിരുന്നു. ഇതിനെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് പ്രതികരണവുമായി രജനീകാന്ത് എത്തിയത്.
മുമ്പ് മദ്യശാലകള്‍ക്കെതിരേ ഡിഎംകെ നേതാവ് സ്റ്റാലിനും നടന് കമല്‍ഹാസനും രൂക്ഷ പ്രതികരണവുമായി എത്തിയിരുന്നു. എങ്കിലും സര്‍ക്കാര്‍ മദ്യശാലകള്‍ തുറക്കുകയായിരുന്നു.്