ചെന്നൈ: കോവിഡ് രോഗിയെന്ന് സംശയിച്ച് ചെന്നൈയില്‍ യുവാവിനെ ഗ്രാമവാസികൾ പുറത്താക്കി. നാലുകുട്ടികളുടെ പിതാവായ ഷമീം അലിയെ ആണ് ചെന്നൈ എംജിആര്‍ നഗറിലെ കനകപ്പെട്ട് ഗ്രാമക്കാര്‍ പുറത്താക്കിയത്.
യുപി സ്വദേശിയായ ഷമിം കഴിഞ്ഞ നാലുവര്‍ഷമായി കനഗപ്പെട്ടില് കുടുംബസമേതമാണ് താമസിക്കുന്നത്. തമിഴിനാട്ടിലെങ്ങും കോവിഡ് പരത്തി വില്ലനായ ചെന്നൈയിലെ കോയമ്പേട് മാര്‍ക്കറ്റില്‍ ഏതാനും ദിവസം ജോലിചെയ്തു എന്നതാണ് ഷമിം ചെയ്ത കുറ്റം.
കോയമ്പേട് മാര്‍ക്കറ്റില്‍ ചുമട്ടുതൊഴിലാളിയായി ഒരു ആക്രികച്ചവടക്കാരന്റെ കടയിലായിരുന്നു ഷമീമിന്റെ ജോലി. മാര്‍ക്കറ്റ് അടച്ചതിനെ തുടര്‍ന്ന് ഉടമ ഷമീമിനെ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയെങ്കിലും അധികൃതര്‍ തേടിയെത്തി. തുടര്‍ന്ന് ടെസ്റ്റ് നടത്തി ഹോം ക്വാറന്റൈൻ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ തങ്ങളുടെ ഗ്രാമത്തില്‍ ഇയാള്‍ രോഗം പരത്തുമെന്ന ഭീതിയില്‍ ഇയാളെ ഗ്രാമവാസികൾ നിര്‍ദാക്ഷണ്യം പുറത്താക്കുകയായിരുന്നു.
പോകാനിടമില്ലാതെ കഷ്ടപ്പെട്ട ഷമീം ഗ്രാമത്തിനു പുറത്ത് ഒരു ക്ഷേത്രത്തിനു സമീപം വിജനമായ സ്ഥലത്ത് താമസം ആരംഭിക്കുകയായിരുന്നു. ഇതൊക്കെയായിട്ടും ഗ്രാമക്കാര്‍ ഷമീമിന്റെ ഭാര്യയെ ഇയാളെ സന്ദര്‍ശിക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഇയാളുടെ സഹോദരന് നല്കിയ ഭക്ഷണം കഴിച്ചാണ് ജീവന് നിലനിര്‍ത്തിയത്. വിജനമായ സ്ഥലത്തെ ഒറ്റപ്പെട്ട ജീവിതം ഷമീമിന് താങ്ങാനായില്ല.
മക്കളെ പിരിഞ്ഞിരിക്കാന്‍ വളരെ കഷ്ടപ്പെട്ട ഇയാളുടെ ദുരിതകഥ സഹോദരന് ഒരു സുഹൃത്തിന്റെ സഹായത്തോടെ പുറത്തുകൊണ്ടുവരികയായിരുന്നു. ഷമീമിന്റെ അവസ്ഥയറിഞ്ഞ ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളെ ഗ്രാമത്തിലേക്ക് മടക്കി കൊണ്ടുപോയി. ഗ്രാമക്കാരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി.
തുടര്‍ന്ന് ഇപ്പോള്‍ ഷമീം കുടംബത്തോടൊപ്പമാണ് താമസം. ഇതിനിടെ കൂടുതല്‍ ഇളവുകളോടെ തമിഴ്നാട്ടില്‍ ഈ മാസം 31 വരെ ലോക്ക്ഡൗണ്‍ നീട്ടി. കുറച്ച കോവിഡ് പരിശോധന വീണ്ടും കൂട്ടിക്കൊണ്ടു വരികയാണ്. ഇന്നലെ 639 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആകെ രോഗബാധിതരുടെ എണ്ണം 11224 ആയി. ആകെ മരണം 78 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി കാര്യങ്ങള്‍ വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമത്തിനിടെ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവരുടെ ഒഴുക്ക് തമിഴ്നാടിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
അന്യസംസ്ഥാനത്തുനിന്നുള്ള ഒരാളെപ്പോളും പരിശോധിക്കാതെ വിടുന്നില്ല. ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ് സംസ്ഥാനം സ്വീകരിക്കുന്നത്. കഴിഞ്ഞ ആഴ്ച 170 അന്യസംസ്ഥാനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രോഗം റിപ്പോര്ട്ടുചെയ്യപ്പെടാതിരുന്ന സേലം പോലുള്ള ഇടങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തു. ഏതായാലും അതീവ ജാഗ്രതയിലാണ് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും.