കൊല്ലം: മറ്റ് അസുഖങ്ങള്‍ ബാധിച്ച് വിവിധ ആശുപത്രികളില്‍ എത്തുന്നവരെ കോവിഡിന്റെ പേരില്‍ മാറ്റി നിര്‍ത്തി സമയത്ത് ചികിത്സ നല്‍കാതിരിക്കുന്നത് ഖേദകരമാണെന്നും ഇത് കര്‍ശനമായും നടപടിയ്ക്ക് വിധേയമാകുമെന്നും ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍. ഉന്നത ഉദ്യോഗസ്ഥതല യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.
നെഞ്ചുവേദനയുമായി സ്വകാര്യ ആശുപത്രിയില്‍ എത്തിയ ഒരു രോഗിയെ അടിയന്തര ചികിത്സ നല്‍കാതെ കോവിഡിന്റെ പേര് പറഞ്ഞ് ടെസ്റ്റ് നടത്തുകയും പോസിറ്റീവാണെന്ന് കണ്ടപ്പോള്‍ ജില്ലാ ആശുപത്രിയിലേക്ക് വിട്ടതും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ വസന്തദാസ് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
ജില്ലാ ആശുപത്രിയില്‍ എത്തിയ രോഗി അടിയന്തര ചികിത്സ ലഭിച്ചതിനാല്‍ രക്ഷപെട്ടതായും സൂപ്രണ്ട് അറിയിച്ചു. ഇതിന്മേല് റിപ്പോര്‍ട്ട് തേടിയ കളക്ടര്‍ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്ന് അറിയിച്ചു.
ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്നും മാസ്ക് കൃത്യമായി ധരിച്ച് സാനിറ്റെസര്‍ സമയാസമയങ്ങളില്‍ ഉപയോഗിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഒരു ജൂനിയര്‍ സൂപ്രണ്ടിനും നാലു ക്ലര്‍ക്കുമാര്‍ക്കും കോവിഡ് ബാധിച്ചതും ഓഫീസ് അടച്ചിട്ടതും ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ് അറിയിച്ചിരുന്നു.
വെര്‍ച്വല്‍ ഓഫീസ് പ്രവര്‍ത്തിപ്പിച്ച് നടപടികള്‍ മുന്നോട്ട് കൊണ്ടുപോകണമെന്ന് കളക്ടര്‍ നിര്‍ദേശം നല്കി. സ്ഥലം മാറി പോകുന്ന കൊല്ലം ആര്‍ഡിഒ സി.ജി.ഹരികുമാറിന് കളക്ടര്‍ ആശംസകള്‍ നേര്‍ന്നു. ശിഖാ സുരേന്ദ്രന് ആണ് പുതിയ ആര്‍ഡിഒ.
എഡിഎം പി.ആര്.ഗോപാലകൃഷ്ണന്, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.