കോട്ടയം: ചിങ്ങവനത്ത് കോവിഡ് സ്ഥിരീകരിച്ച യുവാവിന്റെ വീടിനു സമീപത്തെ സന്പർക്ക പട്ടികയിലുള്ള അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. യുവാവുമായി നേരിട്ട് സന്പർക്കം പുലർത്തിയ 85 പേരുടെ സാംപിൾ പരിശോധിച്ചതിലാണ് അഞ്ച് പേർ കൂടി പോസിറ്റീവായത്.
ഇതിൽ രണ്ട് പേർ സ്ത്രീകളും, മൂന്ന് പേർ പുരുഷന്മാരുമാണുള്ളത്. യുവാവിന്റെ വീടിന്റെ പരിസരത്ത് നടന്ന നൂല് കെട്ടിനും, മരണാനന്തര ചടങ്ങിലും പങ്കെടുത്തവരിലാണ് രോഗം ബാധിച്ചത്. ഇന്ന് കുടുതൽ പേരുടെ സാംപിൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വാർഡ് കൗണ്‍സിലർ വ്യക്തമാക്കി.
നേരത്തേ യുവാവ് പോയ ചിങ്ങവനം പോലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർ ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ്. സ്റ്റേഷൻ അണുവിമുക്തമാക്കുകയും ചെയ്തിരുന്നു.
കൂടാതെ ചിങ്ങവനത്തെ ബാർബർ ഷോപ്പ്, കടകൾ എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ച യുവാവ് ചെന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സ്ഥിതി ഗുരുതരമായതോടെ കൗണ്‍സിലറിന്റെ അധ്യക്ഷതയിൽ രാവിലെ ജാഗ്രതാ സമിതി കൂടി സ്ഥിതിഗതികൾ വിലയിരുത്തി.